tharoor

TOPICS COVERED

കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍. തുടർച്ചയായി മൂന്നാം തവണയാണ് തരൂർ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായുള്ള വിയോജിപ്പിനിടെയാണ് ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് യോഗത്തില്‍ എത്താതിരിക്കുന്നത്. 

ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് യോഗം വിളിച്ചത്.

കോൺഗ്രസിന്റെ 99 എംപിമാരെ യോ​ഗത്തിന് ക്ഷണിച്ചിരുന്നു.

അതേസമയം താന്‍ സ്ഥലത്തില്ലെന്നും യോഗത്തില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് തരൂർ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്​ച തലേദിവസം രാത്രി പ്രഭാ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം കൊൽക്കത്തയിലായിരുന്നു, ഇതിനാലാണ് ഡൽഹിയിലെത്താൻ സാധിക്കാഞ്ഞതെന്നാണ് വിശദീകരണം. 

നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോ​ഗത്തിലും തരൂർ പങ്കെടുത്തില്ല. സോണിയാ ​ഗാന്ധി, മല്ലികാർജുർ ഖാർ​ഗെ എന്നിവർ പങ്കെടുത്ത യോ​ഗത്തില്‍ നിന്നുമാണ് തരൂര്‍ വിട്ടുനിന്നത്. നവംബർ 30-ന് നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മനഃപൂർവ്വമല്ലെന്നും കേരളത്തിലേക്കുള്ള യാത്രയിലായതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് തരൂര്‍ അന്ന് നല്‍കിയ വിശദീകരണം. നവംബർ 18-ന് നടന്ന യോഗത്തിൽ അസുഖം കാരണമാണ് വിട്ടുനിന്നതെന്നാണ് അറിയിച്ചിരുന്നത്.

ENGLISH SUMMARY:

Shashi Tharoor's absence from the Congress MP meeting raises questions about internal party dynamics. His continued absence, coupled with prior explanations, underscores potential disagreements within the Congress party.