air-india

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് 38 മണിക്കൂറുകള്‍ക്ക് ശേഷം എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനവും  സമാനമായ രീതിയില്‍ അപകടത്തിന്‍റെ വക്കിലെത്തി രക്ഷപ്പെട്ടെന്ന്  റിപ്പോര്‍ട്ട് . ഡല്‍ഹിയില്‍ നിന്നും വിയന്നയിലേക്ക് പറന്നുയര്‍ന്ന ബോയിങ് 777 വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ മര്‍ദം നഷ്ടപ്പെട്ട് പൊടുന്നനെ 900 അടിയോളം കൂപ്പുകുത്തിയത്.  ജൂണ്‍ 14നായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് മര്‍ദം നഷ്ടപ്പെടുന്നതായി കണ്ടെത്തുകയായിരുന്നു. ഉടനടി അപകട മുന്നറിയിപ്പ് പൈലറ്റിന് കൈമാറി. ഭീതിദമായ നിമിഷങ്ങള്‍ക്കൊടുവില്‍ അപകടമൊഴിയുകയും ചെയ്തു.  വിമാനം 9 മണിക്കൂര്‍ എട്ടുമിനിറ്റ് പറന്ന് വിയന്നയിലെത്തി. സംഭവത്തിന് ശേഷം പൈലറ്റുമാരെ ഇരുവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം തലവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തു. 

ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കമായിരുന്നുവെന്ന് മാത്രമാണ് പൈലറ്റുമാരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ സ്റ്റിക് ഷേക്കര്‍ മുന്നറിപ്പിനെ കുറിച്ച് മാത്രം പരാമര്‍ശിക്കുകയും ഗ്രൗണ്ട്  പ്രോക്സിമിറ്റിയും സ്റ്റാള്‍ വാണിങും ഒഴിവാക്കുകയും ചെയ്തു. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കൃത്യമായി പരിശോധിച്ചതോടെയാണ് നടന്ന സംഭവത്തിന്‍റെ തീവ്രത വ്യക്തമായതും പൈലറ്റുമാരും സുരക്ഷാവിഭാഗവും വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് കണ്ടെത്തുകയും ചെയ്തത്.  ഇതിന് പിന്നാലെയാണ് പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയതും സുരക്ഷാ വിഭാഗം തലവനെ വിളിച്ചുവരുത്തിയതും.

270ലേറെപ്പേരുടെ ജീവന്‍ നഷ്ടമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഡിജിസിഎ മുന്‍കൈയെടുത്ത് എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സുരക്ഷാപരിശോധന ശക്തമാക്കുകയും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയില്‍ മുന്‍പ് യാത്ര അത്ര സുഖകരമല്ലെന്നും സമയത്തിന് എത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നുവെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടായിരുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാലിന്ന് സൗകര്യങ്ങള്‍ മെച്ചപ്പെട്ടുവെങ്കിലും സുരക്ഷയില്‍ വലിയ പാളിച്ച സംഭവിക്കുന്നുവെന്നും വിലയിരുത്തലുകളുണ്ട്. 

ENGLISH SUMMARY:

A terrifying report reveals another Air India near-miss: A Boeing 777 from Delhi to Vienna plunged 900 feet after takeoff on June 14 due to sudden pressure loss. Pilots averted disaster, but have since been grounded, and the airline's safety head questioned.