Image: PTI
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ നാലരയോടെയാണ് ദേവീ–ദേവന്‍മാരെ വഹിച്ച രഥങ്ങളുമായി ശ്രീ ഗുണ്ഡിച്ച ക്ഷേത്രത്തില്‍ നിന്നും രഥയാത്ര ആരംഭിച്ചത്. തിങ്ങി നിറഞ്ഞ ഭക്തര്‍ക്കിടയിലൂടെ രഥം നീങ്ങാന്‍ തുടങ്ങിയതും ആളുകള്‍ തിക്കിത്തിരക്കി. ഇതോടെ നിലത്തുവീണവരുടെ മേല്‍ മറ്റുള്ളവര്‍ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചത്. രഥോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി ഖുന്ദ്രിയില്‍ നിന്നെത്തിയതായിരുന്നു മൂവരും.
അതേസമയം, സ്ഥലത്ത് സുരക്ഷയൊരുക്കാന്‍ മതിയായ പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ടെന്ന് പുരി കലക്ടര്‍ സിദ്ധാര്‍ഥ് ശങ്കര്‍ അറിയിച്ചു. അപകടത്തിന്‍റെ കാരണത്തില്‍ പരിശോധന നടക്കുകയാണെന്നും സുരക്ഷാ വീഴ്ചയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ആളുകള്‍ പെട്ടെന്ന് തിക്കിത്തിരക്കിയതാണ് അപകടമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.
ജഗന്നാഥന്‍റെയും ബാലഭദ്രന്‍റെയും സുഭദ്രാദേവിയുടെയും വിഗ്രഹങ്ങളുള്ള മൂന്ന് രഥമാണ് ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയോടെ പുരിയിലേക്ക് പുറപ്പെട്ടത്. ഒരാഴ്ചയോളം ഗുണ്ഡിച്ച ക്ഷേത്രത്തില്‍ ഇരുന്ന ശേഷമാണ് ഇവയെ തിരികെ പുരിയിലേക്ക് ഉല്‍സവമായി കൊണ്ടുപോകുന്നത്.
അതേസമയം, സര്‍ക്കാരിന്‍റെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് ബിജെഡി തലവനും മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് ആരോപിച്ചു. പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയൂവെന്നും ജഗന്നാഥന്‍ ക്ഷമിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ദുരന്തമുഖത്ത് രാഷ്ട്രീയം പറയുകയല്ല ബിജെഡി ചെയ്യേണ്ടതെന്നായിരുന്നു ഒഡീഷ ആഭ്യന്തര മന്ത്രി പൃഥ്വിരാജ് ഹരിചന്ദന്‍റെ പ്രതികരണം.