താജ്മഹല്‍, ചിത്രം: ജോസുകുട്ടി പനയ്ക്കല്‍
ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹലില്‍ ചോര്‍ച്ച. താഴികക്കുടത്തില്‍ 73 മീറ്റര്‍ ഉയരത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തി. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിദഗ്ധ സംഘം അറ്റകുറ്റപ്പണി നടത്തും.
ആറുമാസം വരെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താഴികക്കുടത്തെ പ്രധാനഭാഗവുമായി ബന്ധിപ്പിക്കുന്നിടത്താണ് ചോര്‍ച്ച കണ്ടെത്തിയത്. സഞ്ചാരികളെ ബാധിക്കാത്ത രീതിയിലായിരിക്കും അറ്റകുറ്റപ്പണി.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ താപ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പരിശോധന തുടരുന്നതിനായി താഴികക്കുടം നിലവിൽ മൂടിയിട്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയാകാന്‍ ഏകദേശം 15 ദിവസമെടുക്കും. ഇതിന് ശേഷം വിദഗ്ദ്ധർ താഴികക്കുടത്തിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും.
താജ്മഹല്‍, ചിത്രം: ജോസുകുട്ടി പനയ്ക്കല്‍
താജ്മഹലില്‍ നടത്തിയ ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് പരിശോധനയിൽ മൂന്ന് പ്രശ്നങ്ങളാണ് കണ്ടെത്തിയത്. സ്മാരകത്തിന്‍റെ പ്രധാന താഴികക്കുടത്തിലെ കല്ലുകൾക്കിടയിലുള്ള കുമ്മായം നശിച്ചതായി കണ്ടെത്തി, താഴികക്കുടത്തിന്‍റെ മേൽക്കൂരയുടെ വാതിലും തറയും ദുർബലമായിട്ടുണ്ട്. താഴികക്കുടത്തിന്‍റെ ഭാഗമായുള്ള ഇരുമ്പ് ദണ്ഡ് ഇത് തുരുമ്പിച്ച് നശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
താജ്മഹലിലെ ലൈറ്റ് ഡിറ്റക്ഷൻ പരിശോധനകൾ ഏകദേശം പൂർത്തിയായിട്ടുണ്ടെന്ന് താജ്മഹലിന്‍റെ സീനിയർ കൺസർവേഷൻ അസിസ്റ്റന്‍റ് പ്രിൻസ് വാജ്പേയി പറഞ്ഞു. പ്രധാന താഴികക്കുടത്തിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം ആറ് മാസത്തോളം സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.