drug

TOPICS COVERED

ലഹരിക്കടത്ത് പതിറ്റാണ്ടുകളായി ലോകം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. രാജ്യാന്തര ശൃഖലകളിലൂടെ ഇന്ത്യയിലേക്കും നീളുന്ന ലഹരിക്കടത്ത് തടയാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുകള്‍. രാജ്യത്ത് കഴി‍ഞ്ഞ പത്തുവര്‍ഷത്തിനിടെ പിടികൂടിയത് അഞ്ചര ലക്ഷത്തിലേറെ കിലോഗ്രാം ലഹരി വസ്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷം കിലോയിലേറെ ലഹരി പിടിച്ചെടുത്തു.

സിന്തറ്റിക് ലഹരിയുടെ പുതിയ കാലത്ത് ലഹരിക്കടത്തും പുതിയ രൂപത്തില്‍ വ്യാപകമാവുന്നു. ബോധവത്കരണത്തിലൂടെയും ഊര്‍ജിതമായ നടപടികളിലൂടെയും ലഹരിമാഫിയയ്ക്ക് മൂക്കുകയറിടാനുള്ള ശ്രമത്തിലാണ് രാജ്യം.  രാജ്യത്തുടനീളം ലഹരി പിടിച്ചെടുക്കലുകളിലും അറസ്റ്റുകളിലും ഗണ്യമായ വർധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

2024-ൽ, നാര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോയടക്കം ഇന്ത്യയിലെ വിവിധ ഏജൻസികൾ പിടികൂടിയത് 25,330 കോടി രൂപയുടെ ലഹരി വസ്തുക്കളാണ്.   2023-ൽ 16,100 കോടി രൂപയുടെ ലഹരിയാണ് പിടികൂടിയിരുന്നതെങ്കില്‍ ഒരു വര്‍ഷംകൊണ്ട് 50 ശതമാനത്തിലേറെ വര്‍ധനയുണ്ടായി.  മെത്താഫെറ്റമിന്‍, കൊക്കെയ്ന്‍, ഹാഷിഷ്, മെഫെഡ്രോൺ തുടങ്ങിയവയാണ് പിടികൂടിയതില്‍ കൂടുതലും.  2024-ൽ ആഴക്കടലിൽനിന്നുമാത്രം  പിടിച്ചെടുത്തത് 4,134 കിലോഗ്രാം ലഹരി വസ്തുക്കളാണ്.  വിദേശത്തുനിന്ന് ഇന്ത്യയിലേക്കുള്ള വലിയ ലഹരിക്കടത്തുകള്‍ കഴിഞ്ഞവര്‍ഷം പിടികൂടി.  ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള ഏജൻസികൾ 1,17,284 കിലോഗ്രാം ലഹരി വസ്തുക്കളാണ്  നശിപ്പിച്ചത്. 

രാജ്യത്തെ കഴിഞ്ഞ ദശകത്തിലെ ലഹരിവേട്ടയുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.   2014 മുതല്‍ 2024 വരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മാത്രം ആകെ 5.43 ലക്ഷം കിലോഗ്രാം ലഹരി വസ്തുക്കള്‍ പിടികൂടി.  ഇവ 22,000 കോടി രൂപയിലേറെ വിലമതിക്കുന്നതാണ്.  ഇക്കാലയളവില്‍ 4,150 ലഹരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 6,300 പേരെ അറസ്റ്റുചെയ്തു  വിവിധ അന്വഷണ ഏജന്‍സികളും സേനകളും സംയുക്തമായാണ് രാജ്യത്ത് ലഹരിമാഫിയക്കെതിരെ പോരാടുന്നത്.  ലഹരിക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ടുചെയ്യാന്‍ ദേശിയതല ഹെൽപ്പ്‌ലൈനുമുണ്ട്.  1933 എന്ന നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.  

ENGLISH SUMMARY:

Drug trafficking remains one of the world’s major challenges. In India, authorities have intensified efforts to curb the influx of narcotics via international networks. Over the past decade, more than 5.5 lakh kilograms of drugs have been seized in the country, with over 1 lakh kg confiscated in the last year alone.