Remains of the crashed Air India plane lie on a building, in Ahmedabad
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍ പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായി റിപ്പോര്‍ട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ ഉള്‍പ്പെട്ട ബ്ലാക് ബോക്സിന് ദുരന്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു ഇതോടെയാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി ബ്ലാക് ബോക്സ് യുഎസിലേക്ക് അയയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. മെമ്മറി മൊഡ്യൂള്‍, ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ എന്നിവ വിജയകരമായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വീണ്ടെടുത്തുവെന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും മന്ത്രാലയവൃത്തങ്ങള്‍ വിശദീകരിച്ചു.
Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave TPX IMAGES OF THE DAY
ഹോസ്റ്റലിന്‍റെ റൂഫ് ടോപില്‍ നിന്ന് ഒരു ബോക്സും വിമാനത്തിന്‍റെ തകര്‍ന്ന മറ്റു ഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മറ്റൊരു ബോക്സും വീണ്ടെടുത്തിരുന്നു. ബുധനാഴ്ചയോടെയാണ് വിവരങ്ങള്‍ പൂര്‍ണമായും വീണ്ടെടുത്തുകഴിഞ്ഞത്. കോക്പിറ്റിനുള്ളിലെ സംസാരങ്ങള്‍, വിമാന ജീവനക്കാരുടെ പ്രതികരണങ്ങള്‍, പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ എന്നിവയാണ് സിവിആറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. എഫ്ഡിആറില്‍ നിന്നാവട്ടെ വിമാനം അപകടത്തില്‍പ്പെടുന്ന സമയത്തെ മര്‍ദം, എയര്‍ സ്പീഡ്, ഫ്ലൈറ്റ് കണ്‍ട്രോള്‍ ഇന്‍പുട്സ്,എന്‍ജിന്‍ പെര്‍ഫോമന്‍സ് എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിക്കും. 272 പേരുടെ ജീവന്‍ കവര്‍ന്ന വിമാനാപകടത്തിന്‍റെ കാരണമെന്തെന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കിയെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
ക്യാപ്റ്റന്‍ കൈമാറിയ വിവരമെന്ത്?
അടിയന്തര സന്ദേശത്തില്‍ ക്യാപ്റ്റന്‍ സബര്‍വാള്‍ പറഞ്ഞതെന്താണെന്നാണ് ഏറ്റവും നിര്‍ണായകമായ വിവരം. മേയ് ഡേ, മേയ് ഡേ, മേയ് ഡേ എന്ന വാക്കുകള്‍ക്ക് ശേഷം പവര്‍ നഷ്ടമായെന്നോ, ത്രസ്റ്റ് ഇല്ലെന്നോ ആണോ പൈലറ്റ് വ്യക്തമാക്കിയതെന്ന് കൃത്യമായി അറിയാന്‍ കഴിയും. ഇതോടെ എന്‍ജിന്‍ പിഴവാണോ അപകടമുണ്ടാക്കിയതെന്നും അല്ലെങ്കില്‍ മറ്റെന്താണ് കാരണമെന്നും തെളിയും. ഉച്ചയ്ക്ക് 1.39നാണ് വിമാനം ടേക്ക് ഓഫ് ചെയ്തതെന്ന് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു. 36 സെക്കന്‍റ് കഴിഞ്ഞതോടെ വിമാനം തീ പിടിച്ച് കത്തിയമരുകയും ചെയ്തു. ഈ സമയത്തിനുള്ളില്‍ വിമാനാപകടം ഒഴിവാക്കാന്‍ സഹപൈലറ്റായിരുന്ന ക്ലൈവ് എന്ത് ചെയ്തുവെന്നും അറിയാം. വിമാനത്തിലുണ്ടായിരുന്നവരില്‍ 11 A സീറ്റിലുണ്ടായിരുന്ന ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ മാത്രമാണ് ജീവനോടെ രക്ഷപെട്ടത്.
തകരാര്‍ എന്‍ജിന്‍റേതോ? നിഗമനങ്ങള്‍ ഇങ്ങനെ...
വിമാനാപകടത്തിന്‍റേതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ വിമാനത്തിന്‍റെ റാറ്റ് പ്രവര്‍ത്തനക്ഷമമായിരുന്നതായി കാണാം. രണ്ട് എന്‍ജിനുകളും തകരാറിലാവുകയോ, ഹൈഡ്രോളിക് അല്ലെങ്കില്‍ ഇലക്ട്രോണിക് തകരാര്‍ പൂര്‍ണമായും സംഭവിക്കുകയോ ചെയ്യുമ്പോഴാണ് റാറ്റ് സ്വയം പ്രവര്‍ത്തനക്ഷമമാകുക. വിമാനത്തിന്‍റെ സുരക്ഷാ പരിശോധനകള്‍ പിഴവില്ലാതെ നടത്തുന്നതാണെന്നും നാലുമാസം മുന്‍പ് വിമാനത്തിന്‍റെ വലത്തേ എന്‍ജിന്‍ മാറ്റിയിരുന്നതായും ഇടത്തേ എന്‍ജിന്‍ ഏപ്രിലില്‍ സുരക്ഷാ പരിശോധനകള്‍പൂര്‍ത്തിയാക്കിയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.