Image: AP, AJit Solanki
അഹമ്മദാബാദിൽ 260 പേരുടെ ജീവൻ കവർന്ന എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ വിമാനം തകർന്നുവീണ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട്. പൈലറ്റ് മനഃപൂർവം ഇന്ധനസ്വിച്ച് ഓഫ് ചെയ്തതുകൊണ്ടാണ് അപകടമുണ്ടായതെന്ന നിഗമനത്തില്‍ ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേര്‍ന്നുവെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
കോക്പിറ്റിലെ വോയ്സ് റെക്കോര്‍ഡറുകളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതായും സൂചനയുണ്ട്. രണ്ട് എന്‍ജിനുകളും നിശ്ചലമാക്കാന്‍ വിമാനത്തിന്റെ കമാൻഡർ ആയിരുന്ന സുമീത് സബർവാള്‍ ശ്രമിച്ചു എന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിനു സാങ്കേതിക തകരാറുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനപരിശോധിക്കുമെന്ന യുഎസ് ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് മനുഷ്യസഹജമായ പിഴവ് അംഗീകരിക്കാൻ ഇന്ത്യ തയാറായതെന്നും വിദേശമാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
പൈലറ്റിനുനേരെ വന്ന ആരോപണങ്ങള്‍ നേരത്തേ പൈലറ്റ് അസോസിയേഷനുകളും സബർവാളിന്റെ കുടുംബവും തള്ളിയിരുന്നു. വിമാന നിർമാതാക്കളെയും എയർലൈനിനെയും രക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് അവരുടെ ആരോപണം.
2025 ജൂൺ 12നാണ് അഹമ്മദാബാദിൽ 260 പേരുടെ ജീവൻ കവർന്ന എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ വിമാനം തകർന്നുവീണത്.
അതേസമയം സംഭവത്തിൽ വ്യോമയാന അപകടാന്വേഷണ ബ്യൂറോ (AAIB) നടത്തുന്ന പരിശോധനയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മൂന്നു ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ സർക്കാരിനോട് നിർദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പൈലറ്റിലൊരാളുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിര്‍ദേശം. അതേസമയം 787 വിമാനങ്ങള്‍ സുരക്ഷിതമല്ലെന്നും ഇവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് 8000ത്തോളം പേരടങ്ങുന്ന പൈലറ്റ്സ് അസോസിയേഷൻ സംഘടനയുടെ ആവശ്യം.