രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് ഇന്ന് ഒരാണ്ട്. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം നിമിഷങ്ങള്‍ക്കകം നിലംപതിച്ച് കത്തിയമര്‍ന്നപ്പോള്‍ 260 ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തിന്‍റെ യഥാര്‍ഥ കാരണം ഇന്നും വ്യക്തമായിട്ടില്ല. 2025 ജൂണ്‍ 12ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം. 241 പേരുമായി പറന്നുയര്‍ന്ന ആ വിമാനം വെറും 32 സെക്കന്‍റിനുള്ളില്‍ അഗ്നിഗോളമായി. രാജ്യം നടുങ്ങി.
എയര്‍ ഇന്ത്യ AI 171, ബോയിങ് 787 വിമാനം ഉച്ചയ്ക്ക് 1.38ന് ടേക്ക് ഓഫ് ചെയ്ത് സെക്കന്‍റുകള്‍ക്കകം വിമാനത്താവളത്തിനുസമീപത്തെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. യാത്രക്കാരും ക്രൂ അംഗങ്ങളുമുള്‍പ്പെട്ടെ 241 പേരും വിമാനം പതിച്ച സ്ഥലത്തുള്ളവരുമടക്കം 260 പേര്‍ക്ക് ജീവനുകള്‍ പൊലിഞ്ഞു.
യു.കെയില്‍ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി രഞ്ജിതയും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുള്‍പ്പെടെയാണ് അപകടത്തില്‍ മരിച്ചത്. ഒരു യാത്രക്കാരന്‍ മാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടു. വിമാന എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫ് ആയതാകാം അപകട കാരണമെന്നായിരുന്നു എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും താൻ ചെയ്തില്ലെന്ന് രണ്ടാമന്‍ മറുപടി പറയുന്നതുമായുള്ള കോക്പിറ്റിലെ സംഭാഷണ വിവരങ്ങളും പുറത്തായി.
പിന്നാലെ പൈലറ്റിന്‍റെ പിഴവാണ് കാരണമെന്ന് രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. വിമാന കമ്പനിയായ ബോയിങിനെ സംരക്ഷിക്കാനാണ് ശ്രമമെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിച്ചു. ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. ഫ്യുവൽ സ്വിച്ചുകൾ പൈലറ്റ്ഓഫ് ചെയ്തതാണോ അതോ സാങ്കേതികതകരാർ കാരണം ഓഫായതാണോ എന്നതില്‍ ഇന്നും വ്യക്തതയില്ല. വൈകാതെ പുറത്തുവരുമെന്ന് കരുതുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകുമോ ? കാത്തിരിക്കാം.