Image: X
ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാട്. വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ കാറ്റിൽ നീങ്ങി വിമാനങ്ങളില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ശക്തമായ കാറ്റ് കാരണം ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ റണ്‍വേയിലൂടെ തെന്നിനീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവ നീങ്ങുന്നത് കണ്ട ഗ്രൗണ്ട് സ്റ്റാഫുകള്‍ കനത്തമഴയിലും അവയ്ക്കു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. എയർ ഇന്ത്യ എന്‍ജിനീയറിങ്ങിന്റെയും ഇൻഡിഗോയുടെയും സപ്പോര്‍ട്ട് ഉപകരണങ്ങളാണ് കാറ്റിൽപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് മൂന്ന് വിമാനങ്ങളെയും സർവീസിൽ നിന്ന് ഒഴിവാക്കി. കേടുപാടുകൾ പറ്റിയ മൂന്ന് വിമാനങ്ങളിൽ രണ്ടെണ്ണം അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സർവീസിനുപയോഗിക്കും എന്നാണ് കരുതുന്നത്. അതേസമയം, മൂന്നാമത്തെ വിമാനത്തിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തങ്ങൾക്കോ എയർലൈനുകൾക്കോ മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഉപകരണങ്ങൾ സുരക്ഷിതക്കിയിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പരിശോധിക്കും. എയർ ഇന്ത്യ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.