വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലിന് പിന്നില്‍ കാണ്ടാമൃഗമോ? അതും ചാര കാണ്ടാമൃഗം. ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മൃഗശാലകളിലും മാത്രമല്ലേ കാണ്ടാമൃഗമുള്ളൂ? അതെങ്ങനെ വയനാട്ടില്‍ പ്രകൃതി ദുരന്തമുണ്ടാക്കും? അങ്ങനെ പറയാന്‍ ചില കാരണങ്ങളുണ്ട്.

 

നിങ്ങള്‍ ഒരു റോഡിലൂടെ പോവുകയാണ്. മുന്നില്‍ ഒരു കാണ്ടാമൃഗം ആയി നില്‍ക്കുന്നു. അതിനെ അവഗണിക്കാന്‍ തീരുമാനിച്ച് നിങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങുന്നു. ഒടുവില്‍ എന്തുസംഭവിക്കും? മറ്റൊന്നും സംഭവിക്കില്ല, കാണ്ടാമൃഗം നിങ്ങളെ ആക്രമിക്കും. ദുരന്തം മുന്‍കൂട്ടി കണ്ടിട്ടും മുന്നറിയിപ്പുകള്‍ അവഗണിക്കുക. തുടര്‍ന്ന് അതിന്റെ തിക്താനുഭവം അനുഭവിക്കുക. ഇത്തരം പ്രകൃതി സാഹചര്യങ്ങളെയാണ് ‘ഗ്രേ റൈനോ എഫക്ട്’ എന്ന് പറയുന്നത്. അക്ഷരംപ്രതി തര്‍ജമ ചെയ്താല്‍ ‘ചാര കാണ്ടാമൃഗ പ്രഭാവം’!

 

രണ്ടുവര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ സംഭവിച്ചത് ഇപ്പോള്‍ ആറുപേരുടെ ജീവനെടുത്ത കള്ളാടിയില്‍ നിന്ന് അധികം അകലെയൊന്നുമല്ല. പശ്ചിമഘട്ട മലനിരകളിലെ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ മല തുരന്ന് റോഡ് നിര്‍മിക്കലും മല മുറിക്കലും ദുരന്തങ്ങളിലേക്ക് വഴിവെക്കുമെന്ന് ഒന്നിലേറെ പഠനങ്ങളില്‍ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഏതാനും വര്‍ഷങ്ങളായി കേരളത്തിന് താങ്ങാവുന്നതിനേക്കാള്‍ അധികം മഴയാണ് ഒറ്റയടിക്ക് പെയ്യുന്നത്. കേരളം വിറച്ച രണ്ട് പ്രളയങ്ങളിവും ഈ മണ്ണിന് ഏറ്റെടുക്കാവുന്നതിനേക്കാള്‍ എത്രയോ ഇരട്ടി മഴയാണ് പെയ്തിറങ്ങിയത്. നിനച്ചിരിക്കാതെ വന്നുചേരുന്ന ഇത്തരം കെടുതികള്‍ക്കൊപ്പമാണ് പ്രകൃതിയെ വെട്ടിമുറിച്ചുള്ള വികസനപദ്ധതികള്‍ വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. 

 

കള്ളാടിയിലേത് മണ്ണിടിച്ചില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സമീപത്ത് കൂട്ടിയിട്ട മണ്ണ് മഴയത്ത് ഒലിച്ചിറങ്ങിയതാണെന്ന് നാട്ടുകാരും പറയുന്നു. കരാര്‍ കമ്പനി പറയുന്നത് മറ്റൊന്നാണ്. കനത്ത മഴയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നും അതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നുമാണ് അവരുടെ വാദം. ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടക്കട്ടെ. പക്ഷെ എന്താണ് ഇപ്പോള്‍ പശ്ചിമഘട്ടത്തില്‍ ചെയ്യുന്നത്. കനത്ത മഴ മാത്രമായിരിക്കില്ല, തുരങ്കത്തിനായി വെട്ടിനശിപ്പിക്കുന്ന മരങ്ങളും, അശാസ്ത്രീയമായ ചെരിവുകളുടെ നിര്‍മാണം, റോഡ് നിര്‍മാണം ഇതെല്ലാം മണ്ണിന്റെ മാത്രമല്ല, അവിടത്തെ സ്വാഭാവികപ്രകൃതിയെ അപ്പാടെ പ്രതികൂലമായി ബാധിക്കും. 

 

പ്രകൃതിക്ഷോഭങ്ങളെ പ്രകൃതി ദുരന്തമെന്നും മനുഷ്യനിര്‍മിത ദുരന്തമെന്നും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പ്രകൃതിയാണോ മനുഷ്യ കരങ്ങളാണോ ദുരന്തത്തിന് വഴിവെച്ചതെന്ന് കണ്ടെത്താന്‍ കഴിയാത്ത കാലമാണ്. മനുഷ്യനുണ്ടെങ്കിലേ വികസനം കൊണ്ട് കാര്യമുള്ളു എന്ന തിരിച്ചറിവ് തീരുമാനങ്ങളെടുക്കുന്നവര്‍ക്ക് ഉണ്ടായേ തീരൂ. ഇനിയൊരു മഴ, നമ്മെ മണ്ണില്‍‍ പുതപ്പിക്കാതിരിക്കട്ടെ, മറ്റൊരു മനുഷ്യജീവന് വേണ്ടി ഇനിയും മണ്ണുമാന്തി യന്ത്രങ്ങള്‍ ഉരുളാതിരിക്കട്ടെ.

ENGLISH SUMMARY:

Wayanad Kalladi landslide, often referred to as the 'grey rhino effect' in discussions about environmental disasters, highlights the complex interplay between natural phenomena and human actions. This event, following other devastating landslides in the region, underscores the urgent need to differentiate between natural and man-made disasters to prevent future catastrophes.