odisha

അന്യജാതിയില്‍പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ കുടുംബത്തിലെ പുരുഷന്മാരുടെയെല്ലാം തല മൊട്ടയടിച്ച് ശുദ്ധികലശം നടത്തിയ സംഭവം വിവാദമാകുന്നു. ഒഡിഷയിലാണ് സംഭവം. കുടുംബത്തിലെ പെണ്‍കുട്ടി ജാതി മാറി വിവാഹം കഴിച്ചതിനാല്‍ ആ പാപക്കറ നീക്കാനായി കുടുംബത്തിലെ ചെറിയ കുട്ടികളടക്കം പുരുഷന്മാരുടെയെല്ലാം തല മൊട്ടയടിച്ച് ശുദ്ധീകരിക്കണമെന്ന തീരുമാനത്തിലേക്ക് ജാതി സംഘടനയില്‍പെട്ടവര്‍ എത്തിച്ചേരുകയായിരുന്നു എന്നാണ് വിവരം. എങ്കില്‍ മാത്രമേ ഈ ജാതിയില്‍ തുടരാന്‍ കുടുംബത്തിന് അവകാശമുള്ളൂ എന്നാണ് സംഘടന തീരുമാനിച്ചത്.

റായ്ഗഡിലെ കാശിപുരിലുള്ള ബൈഗണാഗുഡ എന്ന ഗ്രാമത്തിലാണ് സംഭവം. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളാണ് യുവതി. ഇവര്‍ വിവാഹം കഴിച്ചതാകട്ടെ തൊട്ടടുത്ത ഗ്രാമത്തിലുള്ള പട്ടികജാതിയില്‍പെട്ട ഒരാളെ. ഇതോടെ ഇരുഗ്രാമങ്ങളും തമ്മില്‍‌ പ്രശ്നങ്ങളുണ്ടായി. യുവതിയുടെ കുടുംബത്തിനെതിരെ സംഘടനയിലെ ആളുകള്‍ രംഗത്തെത്തി. ഇതേ ജാതിയില്‍ തന്നെ തുടരണമെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തില്‍പെട്ട പുരുഷന്മാരെല്ലാം ശുദ്ധീകരിക്കപ്പെടണമെന്നായി തീരുമാനം. അങ്ങനെയാണ് 40 പേരെ തല മൊട്ടയടിച്ച് ശുദ്ധീകരിച്ചത്. ഇതിന് സമ്മതിച്ചില്ലെങ്കില്‍ ഊരുവിലക്കടക്കമുള്ള പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീഷണിയുമുണ്ടായി. 

ഗ്രാമത്തിലുള്ളവരുടെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങിയ കുടുംബം മൃഗബലി നടത്തി തല മൊട്ടയടിച്ച് ശുദ്ധികലശത്തിന് തയ്യാറാവുകയായിരുന്നു. 40 പേരും ഇത് പൂര്‍ത്തീകരിച്ച ശേഷമാണ് ഗ്രാമവാസികള്‍ ഇവരെ തിരികെ ജാതിയില്‍ തുടരാന്‍ അനുവദിച്ചത്. സംഭവത്തിന്‍റെ ചിത്രങ്ങളടക്കം പുറത്തുവരികയും വലിയ വിവാദമാകുകയും ചെയ്തതോടെ കാശിപുര്‍ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ വിജയ് സോയ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബന്ധപ്പെട്ട അധികൃതര്‍ ഗ്രാമത്തിലെത്തി പ്രാഥമിക അന്വേഷണവും നടത്തി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അ‍ടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് വിജയ് സോയ് വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

A controversial incident has emerged from Odisha, where men from a family were forced to shave their heads as part of a purification ritual after a woman from the family married a man from another caste. According to reports, members of a caste-based organization decided that the sin of marrying outside the caste had to be cleansed, leading to the head-shaving ritual. The organization declared that only after this act would the family be allowed to remain within the caste.