ഐഐടി ബോംബെയില്‍ എന്‍ജിനീയറിങ് ക്ലാസ് നടക്കുകയാണ്. ഒരു വിദ്യാര്‍ഥിയെ ശ്രദ്ധിച്ച അധ്യാപകന് എന്തോ പന്തികേടുതോന്നി. അയാളോട് ഐഡി കാര്‍ഡ് ചോദിച്ചു. കേട്ടപാടെ പയ്യന്‍ ക്ലാസില്‍ നിന്ന് ഇറങ്ങി ഓടി. പിന്നാലെ പോയ അധ്യാപകന്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. സുരക്ഷാജീവനക്കാര്‍ പരക്കം പാഞ്ഞെങ്കിലും യുവാവിന്‍റെ പൊടിപോലുമില്ല. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കാംപസിനുള്ളില്‍ത്തന്നെ കക്ഷിയെ കണ്ടെത്തി. പൊലീസിനെ വിളിച്ചുവരുത്തി യുവാവിനെ കൈമാറി.
മംഗളൂരു സ്വദേശി ബിലാല്‍ തെലി എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. പൊവൈ പൊലീസ് കക്ഷിയോട് വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഈമാസം രണ്ടിന് ഐഐടി–ബോംബെ സംഘടിപ്പിച്ച ഏകദിന പഠന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിലാല്‍. ക്ലാസ് ഇഷ്ടപ്പെട്ടതോടെ ഐഐടിയില്‍ നിന്ന് പോയില്ല. പിറ്റേന്നുമുതല്‍ എന്‍ജിനീയറിങ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഏഴാംതീയതി വരെ അവിടെ തങ്ങി. ഏഴിന് പുറത്തുപോയശേഷം പത്താംതീയതി വീണ്ടും തിരിച്ചെത്തി.
ബിലാലിന്‍റെ സാന്നിധ്യം പല പ്രഫസര്‍മാരും ശ്രദ്ധിച്ചെങ്കിലും ആര്‍ക്കും സംശയം തോന്നിയില്ല. പക്ഷേ വ്യാഴാഴ്ച ക്ലാസില്‍ വന്ന പ്രഫസര്‍ ലെക്ചര്‍ ഹാളില്‍ ഇരുന്ന യുവാവിനെ പരിചയക്കുറവുകൊണ്ടാകണം, നന്നായി ശ്രദ്ധിച്ചു. അതോടെ ബിലാലിന്‍റെ കള്ളി പൊളിഞ്ഞു. ഐഐടി കാംപസില്‍ ഒളിച്ചുകടന്നതിനും താമസിച്ചതിനും ബിലാല്‍ നല്‍കിയ വിശദീകരണത്തില്‍ പൊലീസിന് വിശ്വാസക്കുറവൊന്നും ഇതുവരെയില്ലെന്ന് സോണ്‍ എക്സ് ഡിസിപി ദത്ത നലവാഡെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബിലാലിന്‍റെ പശ്ചാത്തലം വിശദമായി അന്വേഷിച്ചശേഷമാണ് പൊലീസ് നിലപാടിലെത്തിയതെങ്കിലും ഐഐടിയിലെ അധ്യാപകരില്‍ പലര്‍ക്കും ആശങ്ക മാറിയിട്ടില്ല. എന്തായിരുന്നു ബിലാലിന്‍റെ ഉദ്ദേശ്യം, ക്യാംപസില്‍ എവിടെയാണ് ഇത്രയും ദിവസം ബിലാല്‍ താമസിച്ചത്, ആരെങ്കിലും സഹായിച്ചോ, ലാബുകളിലെ ഡേറ്റ കണ്ടിരിക്കുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ അവര്‍ ഉയര്‍ത്തുന്നു. സംശയം തീരാത്തതുകൊണ്ട് അന്വേഷണം തുടരാമെന്നാണ് പൊലീസിന്‍റെ നിലപാട്.