ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ വനംവകുപ്പിന്റെയും ബിഎംസിയുടെയും പരിശോധന. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചെന്ന പരാതിയിലാണ് മന്നത്തില്‍ പരിശോധന നടന്നത്. എല്ലാ ജോലികളും മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നടക്കുന്നതെന്നും, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുമെന്നും ഷാരൂഖിന്‍റെ മാനേജർ പറഞ്ഞു.
മൂന്നു മണിക്കൂർ നീണ്ട പരിശോധനയാണ് വനംവകുപ്പിന്റെയും ബിഎംസിയുടെയും നേതൃത്വത്തിൽ സംയുക്തമായി നടന്നത്. കടലിനോട് ചേർന്നായതിനാൽ, വീടിന്റെ ഘടനയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്‌മെന്റ് അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം. ഈ അനുമതികളുണ്ടോ എന്നാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. രേഖകൾ സമർപ്പിക്കാൻ താരത്തിന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
വിവരാവകാശ പ്രവർത്തകനായ സന്തോഷ് ദൗണ്ട്കറുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതുകൊണ്ട് തന്നെ പ്രാഥമികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിർമ്മാണ പ്രവർത്തനത്തെ തുടർന്ന് കഴിഞ്ഞ മാസം 25നാണ് ഷാരൂഖ് ഖാന്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്.