Image Credit: instagram.com/taneja.gaurav

Image Credit: instagram.com/taneja.gaurav

270 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ, അപകടത്തിന് കാരണം എന്തായിരിക്കാം എന്ന തരത്തില്‍ വിവിധ സിദ്ധാന്തങ്ങളുമായി വ്യോമയാന വിദഗ്ധർ രംഗത്തെത്തിയിരുന്നു. സ്ഥിരീകരിക്കപ്പെടാത്ത കണ്ടെത്തലുകളാണെങ്കിലും രാജ്യം വളരെ ശ്രദ്ധയോടെയാണ് ഓരോ വിലയിരുത്തലുകളെയും വീക്ഷിക്കുന്നത്. ഇപ്പോളിതാ മുമ്പ് പൈലറ്റായി ജോലി ചെയ്തിരുന്ന യൂട്യൂബർ ഗൗരവ് തനേജ വീണ്ടും പുതിയ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫ്ലൈയിംഗ് ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഗൗരവ്.

എക്സിലെ തന്‍റെ പോസ്റ്റിലൂടെയാണ് ഗൗരവ് തന്‍റെ അഭിപ്രായം പങ്കുവച്ചത്. അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ 2 ദിവസത്തിനിടെ റദ്ദാക്കിയത് 9 സര്‍വീസുകളായിരുന്നു. രാജ്യാന്തര സര്‍വീസുകളും എയര്‍ ഇന്ത്യ വെട്ടിക്കുറയ്ക്കുകയുണ്ടായി. ഈ നടപടികള്‍ സൂചിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് അറിയാത്ത എന്തോ ഒന്ന് പൈലറ്റുമാർക്ക് അറിയാമായിരുന്നു എന്നതിന്‍റെ സൂചനയാണ്.  

‘‌പറക്കുന്ന വിമാനങ്ങള്‍ എയര്‍ ഇന്ത്യ വലിച്ച് താഴെയിടുന്നു സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തെങ്കിലും സംശയം തോന്നിയാല്‍ പറക്കാൻ വിസമ്മതിക്കുന്നു. മാനേജ്മെന്റ്, എന്‍ജിനീയങ്, ഓപ്പറേഷൻസ്, കൺട്രോൾ സെന്‍റര്‍ എന്നിവരുൾപ്പെടെ എല്ലാവരുമെത്തുന്നു. ഈ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നത് ഫ്രണ്ട് ലൈൻ സ്റ്റാഫുകളായ പൈലറ്റുമാരും ക്രൂവുമാണ്. പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യം പൈലറ്റുമാർക്ക് അറിയാം’ അദ്ദേഹം എക്സില്‍ കുറിച്ചു. 

നേരത്തെ തന്നെ തന്‍റെ യൂട്യൂബ് ചാനലിലൂടെ അപകടത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന വിഡിയോകൾ ഗൗരവ് പങ്കിട്ടിട്ടുണ്ട്. ഇരട്ട എന്‍ജിനുകളുടെ പരാജയമായിരിക്കാം അപകടകാരണമെന്നും അദ്ദേഹം ഒരു മുൻ വിഡിയോയിൽ ചർച്ച ചെയ്തിരുന്നു.  പ്രതീക്ഷിച്ചതിലും വൈകിയാണ് വിമാനം പറന്നുയർന്നത് എന്ന് പറഞ്ഞ ഗൗരവ്, വിമാനത്തിന്‍റെ ഒരു എന്‍ജിന്‍ ഇതിനകം തന്നെ തകരാറിലായതിനാലാകാം ഇത് സംഭവിച്ചതെന്നും പറഞ്ഞു. റൺവേയിൽ നിന്ന് പൊടി ഉയരുന്നത് എടുത്തുകാണിക്കുകയും റൺവേയുടെ അറ്റത്ത് നിന്നാണ് വിമാനം പറന്നുയർന്നത് ഇത് അസാധാരണമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. വിമാനം ഓവർലോഡ് ആയിരുന്നോ എന്ന സംശയവും പ്രകടിപ്പിച്ച അദ്ദേഹം പൈലറ്റിന്‍റെ പിഴവായിരിക്കാം കാരണമെന്ന സൂചനയും നല്‍കിയിരുന്നു. ഇതെല്ലാം ഒരു സിദ്ധാന്തമാണെന്നും ഈ സിദ്ധാന്തങ്ങൾക്ക് തന്‍റെ പക്കൽ തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

In the aftermath of the tragic Ahmedabad plane crash that claimed 270 lives, former pilot and popular YouTuber Gaurav Taneja, known as Flying Beast, has speculated possible causes behind the incident. Through his posts and videos, Gaurav suggests technical issues, delayed takeoff, potential engine failure, and even pilot hesitation due to known risks. While emphasizing these are unverified theories, his insights highlight concerns within aviation circles about Air India’s aircraft operations post-crash.