കമല്‍ഹാസന്‍ നായകനായ മണിരത്നം ചിത്രം തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്തേ തീരുവെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമ രാജ്യത്തെവിടെയും പ്രദര്‍ശിപ്പിക്കാമെന്നും മൗലിക അവകാശം തടയാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സിനിമ കാണാനുള്ള അവകാശം ഒരുകൂട്ടം സംഘടനകള്‍ തടസപ്പെടുത്തിയെന്നു കാണിച്ചു ബെംഗളുരു സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.
സുപ്രീം കോടതിയില്‍ നിന്നും അനുകൂല ഉത്തരവും സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്ത്മാക്കിയിട്ടും സിനിമയുടെ കര്‍ണാടകയിലെ വിതരണം ഏറ്റെടുത്ത വെങ്കിടേശ് കമലകാര്‍ക്കു പ്രതിസന്ധി തുടരുകയാണ്. ഇനി സിനിമ പ്രദര്‍ശിപ്പിച്ചിട്ടും കാര്യമില്ലെന്നാണു വിതരണക്കാരന്‍റെ നിലപാട്.
സിനിമ റിലീസ് ചെയ്ത മേഖലകളില്‍ നിന്നും വേണ്ടത്ര പ്രതികരണം ഉണ്ടാവാത്തതും കമല്‍ഹാസന് താരമെന്ന നിലയില്‍ കര്‍ണാടകയില്‍ വലിയ ഫാന്‍ ബേസ് ഇല്ല എന്നതുമാണു വിതരണക്കാരനെ റിസ്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്കെത്തിക്കുന്നത്. റിലീസുമായി മുന്നോട്ടുപോയി കന്നഡവാദം മുഖമുദ്രയാക്കിയ സംഘടനകളെ പ്രകോപിപ്പിച്ച് ഭാവി ചിത്രങ്ങളുടെ റിലീസുകളില്‍ 'പണി' വാങ്ങേണ്ടെന്ന ചിന്തയും ബിഗ് ബജറ്റ് തമിഴ് സിനിമകളുടെ സ്ഥിരം വിതരണക്കാരനായ വെങ്കിടേശിനുണ്ട്. കമലിന്‍റെ ഇതിനു മുന്‍പ് കര്‍ണാടകയില്‍ റിലീസ് ചെയ്ത ഇന്ത്യന്‍–2 വേണ്ടത്ര കളക്ഷന്‍ നേടിയിരിരുന്നില്ല. കമല്‍ സിനിമകളില്‍ കര്‍ണാടകയില്‍ കാര്യമായ ചലനമുണ്ടാക്കിയതു വിക്രമാണ്.
ചെന്നൈയില്‍ ചിത്രത്തിന്‍റെ ഓഡിയോ റിലീസിനിടെ കന്നഡ തമിഴില്‍ നിന്നു പിറന്നതാണെന്ന് കമല്‍ഹാസന്‍ പറഞ്ഞതാണു വന്‍വിവാദമായത് മാപ്പുപറയാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു തീവ്ര ഭാഷാ സംഘടനകള്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് അനുകൂലമായി കര്‍ണാടക ഫിലിം ചേംബറും നിലപാട് എടുത്തു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് സുപ്രീം കോടതി കര്‍ണാടകയില്‍ റിലീസ് ചെയ്തേ തീരുവെന്ന നിലപാടെടുത്തത്.
സിനിമ ബഹിഷ്കരിക്കാന്‍ നിലവില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. റിലീസ് ചെയ്താലും തിയേറ്ററുകളില്‍ ആളുകളെത്തില്ലെന്ന് ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതായി സുപ്രീം കോടതി വിധിക്കു പിന്നാലെ വിവിധ സംഘനടകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ പ്രദര്‍ശനത്തിനെടുക്കരുതെന്നു തിയേറ്റര്‍ മാനേജ്മെന്റുകളോടു തീവ്ര ഭാഷാ സംഘടനകള്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെ ബെംഗളുരു പൊലീസ് സംഘടന നേതാക്കന്‍മാരുടെ വീടുകളില്‍ നോട്ടീസുകള്‍ പതിച്ചു. ഒരു നിലയ്ക്കും ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്നാണു നോട്ടീസിലുള്ളത്.