അവിതയും ഭര്‍ത്താവ് സഖാറാമും.
പ്രസവവേദനയാല്‍ പുളഞ്ഞ ഗര്‍ഭിണിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വന്നതോടെ വയറ്റില്‍ തന്നെ കുഞ്ഞ് മരിച്ചു. ആംബുലന്‍സ് എത്താന്‍ വൈകിയതാണ് കുഞ്ഞിന്‍റെ ജീവനെടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നീട് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മരിച്ച കുഞ്ഞിനെ മറവ് ചെയ്യാനോ ആംബുലന്‍സ് സംവിധാനമൊരുക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതോടെ കുഞ്ഞുദേഹം പ്ലാസ്റ്റിക് കവറിലാക്കി പിതാവിന് ബസില്‍ യാത്ര ചെയ്യേണ്ടി വന്നത് 70 കിലോമീറ്റര്‍.
പാല്‍ഹറിലാണ് അതിദാരുണ സംഭവം. നാസിക് ആശുപത്രിയില്‍ ജൂണ്‍ 11നാണ് അവിത സഖാറാം കവാര്‍ എന്ന ഇരുപത്തിനാലുകാരി സിസേറിയന് വിധേയയായത്. അന്ന് രാവിലെ അവിതയ്ക്ക് അതികഠിനമായ പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ വീട്ടുകാര്‍ ആശാ വര്‍ക്കര്‍മാരെ സഹായത്തിനായി സമീപിച്ചു. അവര്‍ ആംബുലന്‍സ് വിളിച്ചുവെങ്കിലും ആരും എത്തിയില്ല. പിന്നീട് ആശാ വര്‍ക്കര്‍മാരാണ് ഒരു സ്വാകാര്യ വാഹനം തരപ്പെടുത്തിയത്. ഖോഡലയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അവിതയെ എത്തിച്ചു. ഉടന്‍ തന്നെ മോഖാഡയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു അവിടെ നിന്ന് ലഭിച്ച നിര്‍ദേശം. ആ സമയത്ത് തന്നെ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. മോഖാഡയിലെ ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. അവിതയ്ക്ക് കടുത്ത പനിയുമുണ്ടായിരുന്നു.
ഇതോടെ സൗകര്യങ്ങള്‍ കുറവായതിനാല്‍ അവിതയെ പെട്ടെന്ന് തന്നെ നാസികിലെ സിവില്‍ ആശുപത്രിയിലെത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നാസികിലെത്തിച്ചാണ് കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തത്. ഇവിടെ നിന്ന് നാട്ടിലേക്ക് കുഞ്ഞിന്‍റെ മൃതദേഹമെത്തിക്കാനുള്ള പണം ഇവരുടെ പക്കലുണ്ടായിരുന്നില്ല. ഇതോടെ മരിച്ച കുഞ്ഞിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി അവിതയുടെ ഭര്‍ത്താവ് സഖാറാം ബസിലാണ് ജോഗല്‍വാഡിയിലെത്തിയത്.
വീട്ടില്‍ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്താനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയപ്പോഴോ ഒന്നും യഥാസമയം ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല എന്നാണ് അവിതയും ഭര്‍ത്താവും ആരോപിക്കുന്നത്. അമ്പര്‍നാഥിലുള്ള കട്ടക്കളത്തിലെ ജോലിക്കാരാണ് അവിതയും ഭര്‍ത്താവും. കഴിഞ്ഞ ചെക്കപ്പിനെത്തിയപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല സുഖപ്രസവം നടക്കാനാണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്.