അഹമദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട 87 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ച 18 പേർ ആരാണെന്ന് യാതൊരു സൂചനയുമില്ല. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെതടക്കം 47 മൃതദേഹങ്ങളാണ് ഇതുവരെ വിട്ടുനൽകിയത്. ബോയിംഗ് ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തി.
ആകാശ ദുരന്തത്തിൽ പൊലിഞ്ഞ ഉറ്റവരുടെ ചേതനയറ്റ ശരീരമേറ്റുവാങ്ങാൻ നാലാം ദിനത്തിലും വിങ്ങലോടെ കാത്തിരിക്കുന്ന മനുഷ്യർ. അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് 180 ലേറെ മൃതദേഹങ്ങൾ, ശരീര ഭാഗങ്ങൾ. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. 241 പേർ വിമാനത്തിലുണ്ടായിരുന്നവർ. നാല് മെഡിക്കൽ വിദ്യാർത്ഥികളും നാട്ടുകാരും ഒഴികെ 18 പേരുടെകൂടി മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരാണെന്നത് അവ്യക്തമാണ്. ഡിഎൻഎ സ്ഥിരീകരണത്തിനു ശേഷമേ മരണസംഖ്യ കൃത്യമായി കണക്കാക്കനാകൂ എന്നാണ് സർക്കാർ വൃത്തങ്ങളുടെ നാളെ വിശദീകരണം.
ഇന്നലെ തിരിച്ചറിഞ്ഞ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. രാജ്കോട്ടിൽ പൊതുദർശനത്തിനും വിലാപയാത്രക്കും ശേഷം വൈകിട്ട് സംസ്കരിക്കും. മലയാളി നേഴ്സ് രൻജിത ജി.നായരുടെ DNA ഒത്തുനോക്കൽ ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. അഹ്മദാബാദ് അപകടം അന്വേഷിക്കുന്ന ബോയിംഗ് വിമാന കമ്പനിയുടെ യു കെയിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.