ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് വയസ്സുള്ള കുട്ടിയടക്കം ഏഴുപേർ മരിച്ചു. ചാർധാം തീർഥാടകരാണ് മരിച്ചത്. അന്വേഷണം പ്രഖ്യാപിച്ച ഡിജിസിഎ, ചാർധാം യാത്രയുടെ ഭാഗമായ ഹെലികോപ്റ്ററുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.

ദേവഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ വീണ്ടുമൊരു ഹെലികോപ്റ്റര്‍ ദുരന്തം. കനത്ത മഴയും മൂടല്‍മഞ്ഞും കാഴ്ച മറച്ചിട്ടും പുലര്‍ച്ചെ അഞ്ചരയ്ക്ക് ഹെലികോപ്റ്റര്‍ കേദര്‍നാഥില്‍നിന്ന് പറന്നുയര്‍ന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഗൗരീകുണ്ഡ് മലനിരകള്‍ക്ക് മുകളില്‍  തകര്‍ന്നുവീണ് കത്തി. ആര്യന്‍ ഏവിയേഷന്‍റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിനി ശ്രദ്ധ, രണ്ട് വയസ്സുള്ള കുഞ്ഞ്, ഗുജറാത്ത് സ്വദേശി രാജ്കുമാര്‍, യുപി സ്വദേശിയായ വിനോദ് ദേവി, തുഷ്ടി സിങ് എന്നിവരാണ് കൊല്ലപ്പെട്ട തീര്‍ഥാടകര്‍. ബദരിനാഥ്, കേദര്‍നാഥ് ക്ഷേത്ര കമ്മിറ്റി ജീവനക്കാരനായ ഉത്തരാഖണ്ഡ് സ്വദേശി വിക്രം സിങ് റാവത്തും മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൂടിയായ പൈലറ്റ്, രാജ്‌വീര്‍ സിങ് ചൗഹാനുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഏറെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തി മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. 

സംസ്ഥാനത്ത് ഹെലികോപ്റ്റർ സർവീസുകളുടെ പ്രവർത്തനത്തിനായി കർശനമായ നടപടിക്രമം തയാറാക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഉത്തരവിട്ടു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും രൂപീകരിച്ചു. ചാര്‍ധാം യാത്രയുടെ ഭാഗമായ ഹെലികോപ്റ്ററുകളില്‍ പരിശോധന നടത്താന്‍ ഡിജിസിഎയും നിര്‍ദേശം നല്‍കി. രണ്ട് മാസത്തിനിടെ മേഖലയിലെ നാലാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. കഴിഞ്ഞയാഴ്ച യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ദേശീയപാതയില്‍ ഇറക്കിയിരുന്നു.

ENGLISH SUMMARY:

7 Dead In Chopper Crash Near Kedarnath