എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനമായ AI171 , ബോയിംഗ് 787 ഡ്രീംലൈനർ തകർന്നുവീണ് യാത്രക്കാരും വിമാന ജീവനക്കാരും കൊല്ലപ്പെട്ടപ്പോള്‍, രക്ഷപ്പെട്ട യാത്രക്കാരിലൊരാള്‍ എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് ചാടിയ വിശ്വാസ് കുമാർ രമേശ് എന്ന ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്‍ മാത്രമാണ്. ഇതോടെ വിശാസിന്‍റെ അതിജീവന രഹസ്യം എമര്‍ജന്‍സി എക്സിറ്റാണോ, അതിനടുത്തുള്ള സീറ്റാണോ? അതോ 11 A എന്ന സീറ്റാണോയെന്ന് തിരയുകയാണ് ആളുകള്‍. എന്നാല്‍ യഥാര്‍ഥത്തില്‍ എമര്‍ജന്‍സി എക്സിറ്റിന് സമീപമുള്ള സീറ്റുകള്‍ ‘അദ്ഭുത’ സീറ്റാണോ? വിമാനത്തില്‍ അങ്ങിനെ സുരക്ഷിതമായ ഒരു സീറ്റുണ്ടോ? നോക്കാം...

വിമാനങ്ങളുടെ സീറ്റ് കോൺഫിഗറേഷനുകളിൽ ഓരോ വിമാനങ്ങളെ അനുസരിച്ചും അവയുടെ ക്ലാസുകളെ അനുസരിച്ചും വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. അങ്ങിനെയിരിക്കെ സീറ്റ് നമ്പര്‍ കോണ്‍ഫിഗറേഷനില്‍ വലിയ പ്രാധാന്യമില്ല. ഇനി മറ്റൊന്ന് എമര്‍ജന്‍സി എക്സിറ്റിനടുത്തുള്ള സീറ്റുകളാണ്. ഒരു വിമാന അപകടമുണ്ടായാല്‍ അതിജീവനം എന്നത് സങ്കീർണ്ണമായ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അതുകൊണ്ടു തന്നെ ‘എമര്‍ജന്‍സി എക്സിറ്റിനടുത്തുള്ള സീറ്റ്’ എന്ന ഒരു ഘടകത്തെ ആശ്രയിച്ച് അതിജീവനം നിര്‍ണയിക്കാനോ അത് സുരക്ഷിതമാണെന്ന് നിഗമനങ്ങളില്‍ എത്തിച്ചേരാനോ സാധിക്കുകയില്ലെന്നും വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത് വിമാനത്തില്‍ ഒരു ‘സുരക്ഷിത സീറ്റ്’ ഇല്ല.

ALSO READ: ദുരന്തമുഖത്ത് നിന്ന് ആളുകള്‍ ചോദിക്കുന്നു; വിമാനയാത്ര ‘സേഫാ’ണോ? ഉത്തരമിതാ...

ഓരോ വിമാന അപകടവും വ്യത്യസ്തമാണെന്നും അങ്ങിനെയിരിക്കെ സീറ്റിന്‍റെ സ്ഥാനം അടിസ്ഥാനമാക്കി അതിജീവന സാധ്യത പ്രവചിക്കാൻ കഴിയില്ലെന്നും യുഎസ് ആസ്ഥാനമായുള്ള ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഡയറക്ടർ മിച്ചൽ ഫോക്സ് റോയിറ്റേഴ്സിനോട് പറഞ്ഞു. എമര്‍ജന്‍സി എക്സിറ്റിനടുത്തുള്ള സീറ്റ് അപകടമുണ്ടായാല്‍ പുറത്തുകടക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, വിമാന അപകടങ്ങളില്‍ ചില എക്സിറ്റ് വാതിലുകൾ അപകടത്തിന് ശേഷം അടഞ്ഞുപോകുകയോ ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാമത്രേ.

ALSO READ: വിശ്വാസിന്‍റെ രക്ഷപെടല്‍; എമര്‍ജന്‍സി എക്സിറ്റിന് സമീപമുള്ള സീറ്റുകള്‍ക്ക് ഡിമാന്‍ഡ് ...

രമേശിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സീറ്റിന്‍റെ സ്ഥാനം എമര്‍ജന്‍സി എക്സിറ്റിന് സമീപമായിരുന്നു. ഇത് അപകടം നടന്നയുടന്‍ അദ്ദേഹത്തിന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തുകടത്താന്‍ അവസരം നല്‍കുകയായിരുന്നു. അതേസമയം, 2007 ലെ പോപ്പുലർ മെക്കാനിക്സ് പഠനത്തെ ഉദ്ധരിച്ച് വിമാനങ്ങളുടെ പിൻഭാഗത്ത് ഇരിക്കുന്ന യാത്രക്കാർക്ക് അപകടങ്ങളെ അതിജീവിക്കാനുള്ള സാധ്യത അൽപ്പം കൂടുതലായിരിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം മറ്റ് ചില വിദഗ്ധർ പറയുന്നത് ചിറകുകളുടെ ഭാഗമാണ് കൂടുതല്‍ സുരക്ഷിതമെന്നാണ്.

അനുമാനങ്ങള്‍ എന്തെല്ലാമായാലും വിമാനത്തിലെ സുരക്ഷ എന്നത് സീറ്റ് തിരഞ്ഞെടുപ്പിനും അപ്പുറമാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സീറ്റല്ല മറിച്ച് സന്ദര്‍ഭത്തെ കുറിച്ചുള്ള അറിവും തയ്യാറെടുപ്പുമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. യാത്ര ചെയ്യുമ്പോള്‍ വിമാനത്തിലെ ജീവനക്കാരുടെ സുരക്ഷാ ബ്രീഫിങുകള്‍ കൃത്യമായി ശ്രദ്ധിക്കുക. നിങ്ങളുടെ സീറ്റിനും ഏറ്റവും അടുത്തുള്ള എക്സിറ്റിനും ഇടയിലുള്ള നിരകള്‍ എത്രയാണെന്ന് അറിഞ്ഞുവയ്ക്കുന്നത് നല്ലതായിരിക്കുമെന്നും റോയിട്ടേഴ്സ് പറയുന്നുണ്ട് അപകടത്തെ തുടര്‍ന്ന് ക്യാബിനിൽ പുക നിറയുകയും ദൃശ്യപരത കുറവായിരിക്കുകയും ചെയ്താൽ ഇത് ഉപകരിക്കും.

എന്നിരുന്നാലും വിമാനാപകടങ്ങളുണ്ടായാല്‍ യാത്രക്കാരുടെ ജീവന് സുരക്ഷ നല്‍കുക എന്നതിനെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നോര്‍ക്കുക. ഫ്ലോർ പാത്ത് ലൈറ്റിങ്, അഗ്നിശമന ഉപകരണങ്ങൾ, പെട്ടെന്ന് തീപിടിക്കാത്ത കാബിൻ വസ്തുക്കൾ, എമര്‍ജന്‍സി എക്സിറ്റുകള്‍ എന്നിവ ഈ രൂപകല്‍പനയുടെ ഭാഗമാണ്. വിമാനങ്ങളുടെ ക്യാബിൻ രൂപകൽപ്പനയിലുണ്ടായ ഈ ശ്രദ്ധേയമായ പുരോഗതികള്‍ അതിജീവനക്ഷമത മെച്ചപ്പെടുത്തിയിട്ടുള്ളതായി ഫോക്സിനെ ഉദ്ധരിച്ച് റോയിറ്റേഴ് പറയുന്നു. 

ENGLISH SUMMARY:

After the tragic Air India AI171 crash in Ahmedabad, sole survivor Vishwas Kumar Ramesh—seated near the emergency exit in 11A—escaped by jumping through it. This miraculous survival sparked a debate: is sitting near an emergency exit safer during a plane crash? Experts clarify that survival during aviation accidents depends on multiple factors, not seat number alone. While exit-row seats may offer faster evacuation chances, there's no universally “safe seat” on a flight. Aircraft design, passenger awareness, and safety briefings play a more crucial role in survival, not just proximity to an exit.