അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട  എയര്‍ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളും.  ഇതിൽ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത R. നായർ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത, യുകെയിൽ ജോലിക്കായി യാത്രതിരിച്ചതാണ്. കൊച്ചിയിൽ നിന്നാണ് അഹമ്മദാബാദിലേക്ക് അവർ പോയത്. 

അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. പാർപ്പിടമേഖലയിൽ, ഒരു ആശുപത്രിക്കു മുകളിലാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കെട്ടിടങ്ങൾക്ക് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. ആകെ 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 133 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. Also Read: അമ്മ ഇനിയില്ല; ഉള്ളുലഞ്ഞ് രഞ്ജിതയുടെ മക്കള്‍, സങ്കടം താങ്ങാനാവാതെ അമ്മ

ആകെ യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും, 53 പേർ ബ്രിട്ടീഷുകാരും, 7 പേർ പോർച്ചുഗീസുകാരും, ഒരാൾ കാനഡക്കാരനുമാണ്. 104 പുരുഷന്മാരും 112 സ്ത്രീകളും, 12 കുട്ടികളും, രണ്ട് പിഞ്ചുകുഞ്ഞുങ്ങളും യാത്രക്കാരിൽ ഉൾപ്പെടുന്നു. വിവരങ്ങൾക്കായി 1800 569 1444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വിമാനം തകർന്നു വീണത് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. നിരവധി എംബിബിഎസ് വിദ്യാർഥികൾക്കും സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റു.

അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ താഴുന്നതും വീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 800 അടി മാത്രമാണ് വിമാനം ഉയർന്നത്. വിമാനത്തിൽ നിന്ന് എടിസിക്ക് അപായസന്ദേശം ലഭിച്ചിരുന്നു.

ENGLISH SUMMARY:

A tragic Air India crash in Ahmedabad claimed the life of a Malayali nurse who was en route to the UK for work. Ranjitha R. Nair (40), a native of Pullad, Kozhencherry, and formerly employed in Oman, boarded the ill-fated Air India 171 Dreamliner from Kochi. The aircraft, heading to London Gatwick, crashed shortly after takeoff at 1:17 AM, landing on a residential area above a hospital near BJ Medical College. Out of the 230 passengers and 12 crew members, 133 fatalities have been reported so far. Ranjitha was one of two Malayalis confirmed to be on board. The crash also injured several MBBS students and workers nearby. The airport was temporarily closed, and emergency contact is available via 1800 569 1444.