Image:X
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തില്‍പ്പെട്ടതിന്‍റെ നടുക്കത്തിലാണ് രാജ്യം. ബോയിങ് ഡ്രീം ലൈനര്‍ 787 വിമാനമാണ് തകര്‍ന്നത്. 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 230 യാത്രക്കാരും 12 വിമാനജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിനിടെ വിമാനത്താവളത്തിലെ മതിലില്‍ ഇടിച്ചാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിന് വേഗം പകരാന്‍ പ്രദേശത്തേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്.
Read Also: 'മേയ്ഡേ';അപായമെന്ന് മൂന്നുവട്ടം സന്ദേശം; പിന്നാലെ റേഡിയോ നിശബ്ദം; ദുരന്തം പറന്നിറങ്ങിയതിങ്ങനെ
പന്ത്രണ്ടിലേറെ അഗ്നിരക്ഷായൂണിറ്റുകളാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. ജനവാസ മേഖലയ്ക്കടുത്ത്, സിവില്‍ ആശുപത്രിക്ക് സമീപത്തായാണ് വിമാനം തകര്‍ന്ന് വീണത്. മേഘനിനഗര്‍ പ്രദേശത്തിനടുത്ത ധര്‍പുറിനടുത്ത് നിന്ന് വന്‍ പുകപടലങ്ങളാണ് ഉയരുന്നത്. ഉച്ചയ്ക്ക് 1.17ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. പിന്നാലെ തീ പിടിക്കുകയായിരുന്നു.
വിമാനത്താവളത്തിന്‍റെ കാര്‍ഗോ കോംപ്ലക്സിനടുത്ത് വച്ചാണ് അപകടം. കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡു സംഭവസ്ഥലത്തേക്ക് തിരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഫോണില്‍ സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് റുപാണി വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also: വിമാനം ഇടിച്ചിറങ്ങിയത് ലഞ്ച് ടൈമില്‍ ; മെഡി.കോളജ് ഹോസ്റ്റല്‍ അന്തേവാസികളായ 5പേരും മരണമടഞ്ഞു