ഇന്‍ഡോറില്‍ നിന്ന് മേഘാലയയിലേക്ക് ഹണിമൂണിന് പോയ ദമ്പതികളില്‍ ഭര്‍ത്താവിനെ മരിച്ച നിലയിലും ഭാര്യയെ ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തന്‍റെ സഹോദരി ഒരിക്കലും അങ്ങനെ ചെയ്യില്ല, അവള്‍ ആകെ തളര്‍ന്നിരിക്കുകയാണ് കള്ളക്കേസ് ചുമത്തി സഹോദരിയെ പൊലീസ് ദ്രോഹിക്കുകയാണെന്നാണ് സോനം രഘുവന്‍ഷിയുടെ സഹോദരന്‍ പറയുന്നത്. ഇതോടെ കേസ് കലങ്ങിമറിയുകയാണ്. ALSO READ; ഹണിമൂണിന് പോയത് ക്വട്ടേഷന്‍ കൊടുക്കാന്‍; ഭര്‍ത്താവിനെ കൊന്നത് ഭാര്യ; മൃതദേഹം ചീഞ്ഞളിഞ്ഞ് കാട്ടില്‍
ഇന്ന് രാവിലെയാണ് ഗാസിപുരില്‍ നിന്ന് സോനത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ സോനം തന്‍റെ സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടു. ഗാസിപുരിലുണ്ടെന്നും രക്ഷിക്കണമെന്നുമാണ് സോനം വിളിച്ചുപറഞ്ഞത്. സഹോദരന്‍ ഇക്കാര്യം അപ്പോള്‍ തന്നെ ഇന്‍ഡോര്‍ പൊലീസില്‍ അറിയിച്ചു. അങ്ങനെയാണ് സോനം പൊലീസ് കസ്റ്റഡിയിലായത്. സോനത്തിന് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു അയാള്‍ക്കൊപ്പം പോകാനാണ് രാജ രഘുവന്‍ഷിയെ ഹണിമൂണിനിടെ അപായപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോനം പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. സോനത്തെ കൂടാതെ മൂന്ന് യുവാക്കള്‍ കൂടി പിടിയിലായതായി പൊലീസ് പറഞ്ഞു. എന്നാല്‍ സോനം എത്തിയ വഴിയോരത്തെ ധാബയുടെ ഉടമയും കുടുംബവും പറയുന്നത് മറ്റൊന്നാണ്.
പുലര്‍ച്ചെ ഒരു മണിയോടെ സോനം ധാബയിലെത്തി എന്നാണ് ഉടമ സഹില്‍ യാദവ് പറയുന്നത്. തളര്‍ന്ന് അവശയായി എത്തിയ സോനം ധാബയിലുണ്ടായിരുന്ന പലരോടും സഹായമഭ്യര്‍ഥിച്ചു. മാനസിക പ്രശ്നമുള്ളയാളാണെന്നാണ് കരുതിയത്. ആരും അവരെ സഹായിക്കാന്‍ തയ്യാറായില്ല. ഇതോടെ തന്‍റെ അടുത്തെത്തി ഫോണ്‍ ഒന്ന് തരാമോ എന്ന് സോനം ചോദിച്ചുവെന്നും കൊടുത്തപ്പോള്‍ അവര്‍ തന്‍റെ സഹോദരനെ വിളിച്ച് സംസാരിച്ചുവെന്നും സഹില്‍ പറയുന്നു. മേഘാലയയില്‍ നിന്ന് തന്നെ ആരൊക്കെയോ കടത്തി, മോഷണശ്രമമായിരുന്നു അത് എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്ന് തനിക്കോര്‍മയില്ല എന്ന് സോനം പറഞ്ഞതായും സഹില്‍ കൂട്ടിച്ചേര്‍ത്തു.
സോനം വിളിച്ച കാര്യം സഹോദരന്‍ ഗോവിന്ദ് തന്നെ അറിയിച്ചിരുന്നതായി മരിച്ച രാജ രഘുവന്‍ഷിയുടെ സഹോദരന്‍ വിപുല്‍ വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം അടക്കമുള്ള ആവശ്യം കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സോനത്തിന്‍റെ ഫോണ്‍കോള്‍ എത്തിയത്. സോനം എങ്ങനെ ഗാസിപുരിലെത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും മേഘാലയ പൊലീസ് തുടക്കം മുതല്‍ അന്വേഷണത്തില്‍ ആത്മാര്‍ഥത കാട്ടിയില്ലെന്നും വിപുല്‍ ആരോപിക്കുന്നു. സോനം കീഴടങ്ങി എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഗോവിന്ദ് വിളിച്ച് പറഞ്ഞതനുസരിച്ച് പൊലീസ് ധാബയിലെത്തി സോനത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും വിപുല്‍ പറയുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ആരോപണം ശക്തമായി കഴിഞ്ഞു.
മേയ് പതിനൊന്നിനാണ് രാജയും സോനവും തമ്മില്‍ വിവാഹിതരായത്. മേയ് 20ന് രണ്ടുപേരും ഹണിമൂണിനായി മേഘാലയയ്ക്ക് തിരിച്ചു. മേയ് 23ന് ഹോം സ്റ്റേയില്‍ നിനന്് പുറത്തിറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്തിയില്ല. വാടകയ്ക്ക് എടുത്തിരുന്ന സ്കൂട്ടര്‍ താക്കോലോടു കൂടി സമീപത്തെ ഗ്രാമത്തിനടുത്ത് നിന്ന് കണ്ടെടുത്തു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടിന് രാജയുടെ മൃതദേഹം മേഘാലയയിലെ ഉള്‍വനത്തില്‍ നിന്ന് കണ്ടെടുത്തു. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ചു. ഇന്ന് രാവിലെ സോനം സഹോദരനെ വിളിച്ചപ്പോഴാണ് അവര്‍ ജീവനോടെയുണ്ടെന്ന് തന്നെ അറിഞ്ഞത്.