ഇന്‍ഡോറില്‍ നിന്ന് കാണാതായ ദമ്പതികളില്‍ ഒരാളുടെ മൃതദേഹം കാട്ടിനുള്ളില്‍ ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. മേഘാലയയിലേക്കാണ് നവവരനും വധുവും ഹണിമൂണിന് പോയത്. രണ്ടാഴ്ച പിന്നിട്ടിട്ടും ഇവര്‍ മടങ്ങിവന്നില്ല. ഇതോടെ കുടുംബം ഇവരെ അന്വേഷിച്ചിറങ്ങി. ദമ്പതികളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇത് ക്വട്ടേഷന്‍ നല്‍കിയുള്ള കൊലപാതകമാണെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ നിന്നാണ് സോനം രഘുവന്‍ഷി എന്ന യുവതി പൊലീസ് പിടിയിലായത്. 28കാരനായ രാജ രഘുവന്‍ഷിയെ കൊലപ്പെടുത്തി എന്നാണ് സോനം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രാജയുടെ മൃതദേഹം ജൂണ്‍ രണ്ടിന് മേഘാലയയിലെ ഉള്‍വനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. സോനത്തിന് എന്താണ് സംഭവിച്ച് എന്നറിയില്ലായിരുന്നു. ഇവര്‍ ജീവനോടെയുണ്ടോ എന്നടക്കം പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെ സോനം വീട്ടുകാരെ വിളിച്ച് താന്‍ ഗാസിപുരിലുണ്ട് എന്ന് പറഞ്ഞു. ഇവിടെയെത്തിയ പൊലീസ് സംഘത്തോട് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി എന്ന് സോനം കുറ്റംസമ്മതിക്കുകയായിരുന്നു.
ഭര്‍ത്താവിനെ കൊല്ലാന്‍ സോനം ക്വട്ടേഷന്‍ കൊടുത്തിരുന്നു എന്ന വിവരമാണ് മേഘാലയ ഡിജിപി മാധ്യമങ്ങളോട് പങ്കുവച്ചിരിക്കുന്നത്. കേസില്‍ നാലുപേര്‍ പിടിയിലായിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഒരാള്‍കൂടി പിടിയിലാകാനുണ്ട്. നേരത്തെ ഒരു ടൂറിസ്റ്റ് ഗൈഡ് കാണാതായ ദമ്പതികളെ മറ്റ് മൂന്നുപേര്‍ക്കൊപ്പം കണ്ടിരുന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ഹണിമൂണിനു പോയവരെ സോഹ്റ (ചിറാപ്പുഞ്ചി) ഭാഗത്തുവച്ച് കാണാതായി എന്ന വിവരമാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നത്. മേയ് 23നായിരുന്നു ഇത്. പ്രദേശത്ത് നിന്ന് ഇവര്‍ വാടകയ്ക്കെടുത്ത സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു. പാര്‍ക്കിങ് സ്ലോട്ടിന്‍റെ ഭാഗത്തുനിന്ന് കിലോമീറ്ററുകള്‍ മാറിയാണ് സ്കൂട്ടര്‍ കണ്ടെത്തിയത്. താക്കോലടക്കം സ്കൂട്ടറിലുണ്ടായിരുന്നു.