കാറിനുള്ളില്‍വച്ച് ശരീരത്തിലേക്ക് ഐവി ഫ്ലൂയിഡ് കുത്തിവച്ച് യുവഡോക്ടര്‍ ജീവനൊടുക്കി. തമിഴ്നാട്ടിലെ കൊടൈക്കനാലിലാണ് സംഭവം. പോസ്റ്റ് ഗ്രാജുവേറ്റ് എംഡി ചെയ്യുന്ന ഡോ.ജോഷ്വ സാംരാജ് ആണ് മരിച്ചത്. കൊടൈക്കനാലിനടുത്ത് പൂംപറായിയില്‍ മൂന്നുദിവസമായി നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
സേലത്ത് എംഡി ചെയ്യുന്ന സാംരാജ് മധുരയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രാമപ്രദേശമായ പൂംപറായിയില്‍ കണ്ടുപരിചിതമല്ലാത്ത ഒരു കാര്‍ കിടക്കുന്നതുകണ്ടാണ് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വന്നുനടത്തിയ പരിശോധനയെത്തുടര്‍ന്നാണ് മൃതദേഹം കണ്ടത്. കാറില്‍നിന്നും ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. കുടുംബത്തിനോട് മാപ്പ് ചോദിക്കുന്നതായാണ് കുറിപ്പ്, എന്നാല്‍ മരണത്തിനു പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഒരു പ്രണയബന്ധം നഷ്ടപ്പെട്ടതിനു ശേഷം കടുത്ത നിരാശയിലായിരുന്നു ഡോക്ടറെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.
ഡോ സാംരാജിന് അല്‍പം കടബാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ അതാണോ ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമായില്ലെന്നും അന്വേഷണ സംഘം പറയുന്നു. ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ സോഷ്യല്‍മീഡീയയിലൂടെ വരുന്നുണ്ട്. എന്നാല്‍ അത്തരമൊരു വിവരവും ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു. കാറിനുള്ളിലിരുന്ന് ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ചാണ് മരണപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.