ഏകമകനെ അടക്കിയ മണ്ണോട് ചേര്‍ന്ന് മുഖമമര്‍ത്തി കിടക്കുന്ന ഒരു അച്ഛന്റെ ചിത്രമാണ് ഇപ്പോള്‍ കര്‍ണാടകയെ ചുട്ടുപൊള്ളിക്കുന്നത്. എനിക്കീ ഇടം വിട്ടുപോവാന്‍ വയ്യെന്ന് പറഞ്ഞ് ആ പിതാവ് ജീവനറ്റ മകനോട് ചേര്‍ന്ന് കിടക്കുകയാണ്. ഈ ദൃശ്യങ്ങള്‍ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ കര്‍ണാടക സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
ഹസ്സന്‍ സ്വദേശിയായ ബി ടി ലക്ഷ്മണ്‍ എന്ന പിതാവിനു നഷ്ടപ്പെട്ടത് തന്റെ പൊന്നോമനയായ മകനെയാണ്, 21കാരനായ ഭൂമിക് കടുത്ത ആര്‍സിബി ആരാധകനായിരുന്നു. ‘എന്റെ കുഞ്ഞിനു വേണ്ടിയാണ് ഞാനീ ഭൂമി വാങ്ങിയത്, അവിടെ അവന്റെ സ്മാരകം പണിയേണ്ടിവന്നു, എന്റെ കുട്ടിക്ക് സംഭവിച്ച ദുരന്തം ഇനിയൊരാള്‍ക്കും വരരുത്, എനിക്കെങ്ങോട്ടും പോവണ്ട, എനിക്കീ ഇടം വിട്ടുപോവാന്‍ വയ്യ’–ഇതായിരുന്നു ആശ്വസിപ്പിക്കാനെത്തിയ ബന്ധുവിനോട് ലക്ഷ്മണിന് പറയാനുണ്ടായിരുന്നത്.
അവസാനവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ഭൂമിക്, കടുത്ത ആര്‍സിബി ആരാധകന്‍, തന്റെ പ്രിയടീമിന്റെ 18വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷമുളള വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ഏറെ ആവേശത്തോടെയാണ് മറ്റുള്ളവര്‍ക്കൊപ്പം ഭൂമികും ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. ഗേറ്റിനു സമീപത്തുണ്ടായ തിക്കിലും തിരക്കിലും 14വയസുകാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചു, 47 പേര്‍ക്ക് പരുക്കേറ്റു.
എനിക്കൊരു മകനേ ഉള്ളൂ, അവന്‍ പോയി, അവനെ പോസ്റ്റുമോര്‍ട്ടം ചെയ്ത് കഷ്ണങ്ങളാക്കാതെ എനിക്ക് തരണം എന്നതായിരുന്നു അപകടവിവരമറിഞ്ഞ ശേഷം സര്‍ക്കാറിനോട് ആ പിതാവിന് പറയാനുണ്ടായിരുന്നത്. മകനെ അടക്കിയ മണ്ണില്‍ ഇരുന്ന് വാവിട്ടു കരയുന്ന പിതാവിന്റെ വിഡിയോ ബിജെപിയും പങ്കുവച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് കൊലയ്ക്കു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഈ പിതാവിന് കുട്ടിയെ തിരിച്ചുകൊടുക്കാനാവുമോ എന്ന ചോദ്യമുന്നയിച്ചാണ് ബിജെപി വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം വിഷയം രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇരകള്‍ക്ക് വേണ്ടസഹായം നല്‍കുന്നുണ്ടെന്നും ഇത്തരമൊരു ദുരന്തം മേലില്‍ വരാതിരിക്കാനുളള സുരക്ഷാ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്യുകയും ബംഗളൂരു കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറിയായ കെ. ഗോവിന്ദരാജിനെയും സംസ്ഥാന ഇന്റലിജന്‍സ് വകുപ്പിന്റെ മേധാവിയെയും കര്‍ണാടക സര്‍ക്കാര്‍ പുറത്താക്കി. സുരക്ഷാ മുന്‍കരുതലുകളൊന്നുമില്ലാഞ്ഞിട്ടും ആഘോഷപരിപാടി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ഇന്നലെ പുറത്തുവന്നിരുന്നു.