മുംബൈയിലെ മിത്തി നദി അഴിമതി കേസിൽ ബോളിവുഡ് നടൻ ഡിനോ മോറിയക്ക് ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. അതിനിടെ നദിയിലെ ചെളി നീക്കാൻ യന്ത്രസാമഗ്രികൾ നൽകിയ കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് നിർണായക രേഖകൾ ഇഡി പിടിച്ചെടുത്തു
കേസിലെ പ്രധാന പ്രതികളുമായി ഡിനോ മോറിയൊക്കും സഹോദരനും അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുകളും ഉണ്ടെന്ന വിവരത്തെത്തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കഴിഞ്ഞദിവസം ഡിനോ മോറയുടെ വീട്ടിലും, കൊച്ചിയിലും മുംബൈയിലുമായി 15 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തിയത്.
കൊച്ചി മരടിലെ മാറ്റ്പ്രോപ് ടെക്നിക്കൽ സർവീസിൽ ഇ ഡി നടത്തിയ റെയ്‌ഡിൽ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. 2018 നും 22 നും ഇടയിൽ കമ്പനി വാങ്ങിച്ച സ്വത്ത് വിവരങ്ങൾ ശേഖരിച്ചു. പണം കിട്ടിയത് അഴിമതിയിലൂടെയാണോയെന്ന് ഇ ഡി പരിശോധിക്കുകയാണ്. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട 65 കോടി രൂപയുടെ അഴിമതിക്കേസിൽ 5 കരാറുകാരും, ജീവനക്കാരും ഇടനിലക്കാരും മുംബൈ കോർപറേഷൻ ഉദ്യോഗസ്‌ഥരും ഉൾപ്പെടെ 13 പേർ പ്രതികളാണ്. അതിനിടെ കൊച്ചിയിലെ കരാർ കമ്പനിയിലെ ദീപക് മോഹൻ കിഷോർ മേനോൻ എന്നിവർക്ക് മുംബൈ ഹൈക്കോടതി ഇടക്കാല ജാമ്യം നൽകി.