ബെംഗളൂരു ദുരന്തത്തിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ രാജി എന്ന് വിവരങ്ങൾ. ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി എ ശങ്കറും ട്രഷറർ ഇ എസ് ജയറാമും രാജിവച്ചെന്ന് സൂചന. വിധാൻ സൗധയിലെ പരിപാടിക്ക് സർക്കാർ ഉപാധികളോടെ അനുമതി നൽകിയതിനുള്ള കത്തും പുറത്തുവന്നു. സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കന്നി കിരീടധാരണത്തിന്‍റെ വിജയാഘോഷം ദുരന്തമായി മാറിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചതായി പറയുന്ന വാർത്താക്കുറിപ്പ് പുറത്ത് വന്നത്. സെക്രട്ടറി എ. ശങ്കർ , ട്രഷറർ ഇ എസ്.ജയറാം എന്നിവരാണ് രാജി വച്ചതായി സൂചന. സ്റ്റേഡിയത്തിന് പുറത്തെ സുരക്ഷാ കാര്യങ്ങളിൽ തങ്ങൾക്ക് പരിമിതിയുണ്ട് എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാല്‍ ഇക്കാര്യം കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണം പുരോഗമിക്കുകയാണ്. കബൺ പാർക്ക് പോലീസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സിഐഡി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ കസ്റ്റഡിയിലുള്ള ആർസിബി പ്രതിനിധി നിഖിൽ സുസാലേ, ഉൾപ്പെടെയുള്ള ആളുകളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.
അതിനിടെ വിധാന്‍ സൗധയിലെ പരിപാടിയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു എന്നതിൻറെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ സുരക്ഷാവീഴ്ച ഉണ്ടായാൽ അതിൻറെ പൂർണ ഉത്തരവാദിത്വം കർണാടക ക്രിക്കറ്റ് അസോസിയേഷൻ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് സർക്കാർ ആഘോഷ പരിപാടികൾക്ക് അനുമതി നൽകിയത്. 15 ലക്ഷം രൂപ കോഷൻ ഡെപ്പോസിറ്റ് കെട്ടിവച്ചിരുന്നു. വിധാൻ സൗധക്ക് മുൻപിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകം സംവിധാനങ്ങൾ വേണമെന്നും അനുമതി നൽകിക്കൊണ്ടുള്ള മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്നുള്ള വിമർശനം ശക്തമാണ്. മുന്നൊരുക്കങ്ങൾ നടത്താൻ പോലീസിന് വേണ്ടത്ര സമയം നൽകാതെ പരിപാടി സംഘടിപ്പിച്ചു എന്നാണ് പോലീസിന്റെ പ്രതികരണം.
അതിനിടെ കബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി പ്രവാഹമാണ്. കഴിഞ്ഞദിവസം വിരാട് കോലിയെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല