പിങ്കി കുമാരി.

TOPICS COVERED

വിവാഹാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ഡി.ജെക്കിടെ കുഴഞ്ഞുവീണ പതിനഞ്ചുകാരി മരണപ്പെട്ടു. ബിഹാറിലെ റാസിദ്പുരിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖമുള്ളയാളായിരുന്നു മരണപ്പെട്ട പിങ്കി കുമാരി. ഉച്ചത്തിലുള്ള ഡി.ജെയ്ക്കിടെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ആശുപത്രിയിലെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിങ്കിക്ക് ചികിത്സ നല്‍കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഈ സമയമത്രയും പിങ്കി നെഞ്ചുവേദനകൊണ്ട് പുളയുകയായിരുന്നു. 

ആശുപത്രി അധികൃതര്‍ ചികിത്സ വൈകിപ്പിച്ചു, അതാണ് കുട്ടി മരിക്കാന്‍ കാരണമെന്നാരോപിച്ച് പിങ്കിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളംവച്ചു. മുദ്രാവാക്യം വിളികളുമായി ബന്ധുക്കള്‍ ആശുപത്രിയ്ക്കു മുന്നില്‍ നിരന്നുനിന്നപ്പോള്‍ പ്രദേശവാസികളും വിഷയമറിഞ്ഞ് ഇവര്‍ക്കൊപ്പം ചേര്‍ന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തില്‍ കുടുംബം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കുട്ടിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത് വ്യക്തമാകും. ഡോക്ടര്‍ക്കും ആശുപത്രിയില്‍ ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കുമെതിരെ കേസെടുത്ത് അര്‍ഹമായ ശിക്ഷ നല്‍കണമെന്നാണ് പിങ്കിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും കുടുംബത്തിനൊപ്പം നിലയുറപ്പിച്ചുകൊണ്ട് ജനപ്രതിനിധികള്‍ അറിയിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് പിങ്കി കുഴഞ്ഞുവീണത്. അയല്‍പക്കത്തെ വീട്ടിലെ വിവാഹമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി വലിയ ഡി.ജെ പരിപാടിയാണ് നടന്നത്. പടക്കം പൊട്ടിച്ചും ഘോഷയാത്ര നടത്തിയുമടക്കം ആഘോഷങ്ങളും നടന്നു. ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. പെട്ടെന്നു തന്നെ ബൈക്കില്‍ കയറ്റി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. റിക്ഷ തൊഴിലാളിയാണ് മരിച്ച പിങ്കിയുടെ അച്ഛന്‍. 

മകള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല. ചികിത്സയെന്ന പേരില്‍ കൊണ്ടുചെന്ന് ഒരു മണിക്കൂറിനു ശേഷം അവര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി. എനിക്ക് എന്‍റെ മകളെ നഷ്ടമായി എന്നാണ് ഈ അച്ഛന്‍ കണ്ണീരോടെ പറയുന്നത്. ‘ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നു, ആഴ്ചയില്‍ 1500 രൂപയുടെ മരുന്നാണ് അവള്‍ക്ക് വേണ്ടിവന്നിരുന്നത്. ആ പാവം റിക്ഷ വലിച്ചാണ് ആ തുക കണ്ടെത്തിയിരുന്നത്. പക്ഷേ ചികിത്സ വൈകി പിങ്കി മരിച്ചതോടെ കുടുംബം അപ്പാടെ കണ്ണീരിലാണ്ടു’ എന്നാണ് ഒരു ബന്ധു പ്രതികരിച്ചത്.

ENGLISH SUMMARY:

A 15-year-old girl collapsed and died during a DJ event held as part of a wedding celebration in Rasidpur, Bihar. The deceased, Pinky Kumari, reportedly had a heart condition. She fainted while loud music was being played by the DJ. Though she was rushed to a nearby hospital, she could not be saved. Relatives alleged that Pinky was not given treatment until an hour after reaching the hospital. During that time, she was suffering severe chest pain.