െബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടത്തില്‍ മരിച്ച 11 പേരില്‍ എട്ടു പേരെ തിരിച്ചറിഞ്ഞു. ദിവ്യാംശി (13), ദിയ (26 ), ശ്രാവണ്‍ (21), ഭൂമിക്, സഹാന, ദേവി, ശിവു(17 )മനോജ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ വൈദേഹി, ബൗറിങ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ചവരില്‍ നാലു സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടും. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 50പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂന്നു ഗേറ്റുകളിലാണ് അപകടമുണ്ടായത്. കബ്ബണ്‍ പാര്‍ക്ക് ഭാഗത്തെ ഒന്‍പതാം ഗേറ്റിലും മൂന്ന്, 21 നമ്പര്‍ ഗേറ്റിലും തിരക്കുണ്ടായി. അപകടത്തിന് ശേഷവും സ്റ്റേഡിയത്തില്‍ ആഘോഷം തുടര്‍ന്നു. വിരാട് കോലി വേദിയില്‍ പ്രസംഗിച്ചു. അപകടത്തിന് ശേഷം അടച്ച ബെംഗളൂരു മെട്രോ സ്റ്റേഷനുകൾ തുറന്നു. കാബ്ബണ്‍ പാർക്ക്, എംജി റോഡ്,വിധാന സൗധ സ്റ്റേഷനുകൾ ആണ് തുറന്നത്.
അപകടത്തില്‍ ആര്‍സിബി ടീം മാനേജ്മെന്‍റ് അനുശോചനം രേഖപ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിരുന്നുവെന്നും മാനേജ്മെന്‍റ് അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മരണപ്പെട്ടവര്‍ക്ക് 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. മജിസ്ട്രേറ്റ്തല അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.
ബെoഗളൂരു ദുരന്തം ഹൃദയഭേദകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അനുശോചിച്ചു. ബംഗളൂരുവിലെ ദുരന്തം ദുഃഖകരമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.