ഫയല്‍ ചിത്രം
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ പഞ്ചാബിൽ ഒരാൾ അറസ്റ്റിൽ. ഗഗൻദീപ് സിങ് എന്നയാളെയാണ് താൻ തരണിൽനിന്ന്പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളടക്കം ഇയാൾ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി.
ഇരുപതിലേറെ ഐഎസ്ഐ ഏജന്റുമാരുമായി ഗഗൻദീപ് സിങ് സംസാരിച്ചിട്ടുണ്ട്. പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല നേതാവ് ഗോപാൽ സിങ് ചൗളയുമായും ഗഗൻദീപ് സിങ് ബന്ധപ്പെട്ടിരുന്നുവെന്ന് ഡിജിപി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി ഗഗൻദീപ് സിങ് ഗോപാൽ സിങ് ചൗളയുമായി ബന്ധപ്പെട്ടിരുന്നു, അദ്ദേഹത്തിലൂടെയാണ് പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. മറ്റ് ബന്ധങ്ങൾ കണ്ടെത്തുന്നതിനും ഈ ചാരവൃത്തി ശൃംഖലയുടെ പൂർണ്ണ വ്യാപ്തികണ്ടെത്തുന്നതിനുമായി സമഗ്രമായ സാമ്പത്തിക, സാങ്കേതിക അന്വേഷണങ്ങൾ നടന്നുവരികയാണ്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗൗരവ് യാദവ് പറഞ്ഞു.