crime-delhi

TOPICS COVERED

 മറ്റ് ആണ്‍കുട്ടികളുമായി സംസാരിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ 18കാരന്‍ പിടിയിലായി. ന്യൂഡല്‍ഹിയിലാണ് സംഭവം. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ബികോം വിദ്യാർഥിയായ ആർഷ്കൃത് സിങ് ആണ് പിടിയിലായത്. സഞ്ജയ് വനിലെ ആളൊഴിഞ്ഞ ഭാഗത്തേക്കു വിളിച്ചുവരുത്തി പെൺകുട്ടിയെ കുത്തിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച ജഹാംഗിര്‍പുരി സ്വദേശിയായ പെണ്‍കുട്ടി രാവിലെ ക്ലാസിലേക്കു പോയി. ഉച്ചയോടെ അമ്മയെ വിളിച്ച് വൈകാതെ വീട്ടിലെത്തുമെന്നും പറഞ്ഞു. വൈകുന്നേരമായിട്ടും എത്താതായതോടെയാണ് വീട്ടുകാ‍ര്‍ അന്വേഷിച്ചത്. ഇതേസമയം തന്നെ ആർഷ്കൃത് സിങ്ങിന്‍റെ പിതാവ് തന്‍റെ മകന്‍ ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റിയ പരുക്കിനെത്തുടര്‍ന്ന് ആർഷ്കൃത് ആശുപത്രിയില്‍ പോയിരുന്നു. ഈ സമയത്താണ് അച്ഛനെ വിളിച്ച് താന്‍ ആക്രമിക്കപ്പെട്ടതായി അറിയിച്ചത്.

പെണ്‍കുട്ടിയുമായി നേരത്തേ 18കാരന് പ്രശ്നങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളായിരുന്നെങ്കിലും മറ്റ് സുഹൃത്തുക്കളോടൊന്നും പെണ്‍കുട്ടി സംസാരിക്കുന്നത് ആർഷ്കൃതിന് ഇഷ്ടമല്ലായിരുന്നു. സുഹൃത്തിന്‍റെ ഈ സ്വഭാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മിണ്ടാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടരുകയും വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി സന്ദേശമയക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും നേരത്തേ പാസ്‍വേര്‍ഡുകള്‍ കൈക്കലാക്കി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇയാള്‍ പരിശോധിക്കുന്നതും പതിവായിരുന്നു. ലൈവ് ലൊക്കേഷന്‍ മനസിലാക്കി പിന്നാലെ വരും. ഇത്തരത്തില്‍ പെണ്‍കുട്ടിയെ ഇടംവലം വിടാതെ ഉപദ്രവിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

മെഹ്റോളി പൊലീസ് നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സോഷ്യല്‍മീഡിയയിലൂടെ വ്യാജ അക്കൗണ്ടില്‍ നിന്നും സന്ദേശമയച്ചാണ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു. 

ENGLISH SUMMARY:

An 18-year-old has been arrested in a brutal case where a female student was murdered for talking to other boys, and an attempt was made to burn her body by pouring petrol. The incident took place in New Delhi. Aarchkrit Singh, a B.Com student, has been arrested in connection with the murder of a BA student from the Delhi University School of Open Learning.