പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സഹപാഠികള്‍ക്ക് മധുരം വിതരണം ചെയ്തതിനു പിന്നാലെ 19കാരി തൂങ്ങിമരിച്ചു. കര്‍ണാടക കൊടക് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പൊന്നംപേട്ടിലെ ഹാലിഗട്ട് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ തേജസ്വിനിയാണ് ഹോസ്റ്റല്‍മുറിയില്‍ ജീവനൊടുക്കിയത്.
മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു തേജസ്വിനിയുടെ ജന്‍മദിനം. അന്നു നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞ ദിവസം ക്ലാസില്‍ മധുരവിതരണം നടത്തിയിരുന്നു. പിന്നാലെ വൈകിട്ട് നാലുമണിയോടെ തേജസ്വിനി വീട്ടില്‍ തിരിച്ചെത്തുകയും നാലരയോടെ ജീവനൊടുക്കുകയുമായിരുന്നു. നാലരയ്ക്ക് സുഹൃത്ത് വന്ന് മുറിയില്‍ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചു. ബലം പ്രയോഗിച്ച് കതക് പൊളിച്ച് അകത്തുകടന്നപ്പോള്‍ തേജസ്വിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിങ് കോഴ്സ് വിദ്യാര്‍ഥിയായ തേജസ്വിനി റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ ഏകമകളാണ്. അക്കാദമിക് പരാജയമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പും മുറിയില്‍ നിന്നും കണ്ടെത്തി. ആറു വിഷയങ്ങളില്‍ പരാജയപ്പെട്ട ദുഖം താങ്ങാനാവാതെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും തേജസ്വിനി കുറിപ്പില്‍ പറയുന്നു. പൊന്നംപേട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറയുന്നു.