Image Credit: X/ subyroy
ഉത്തരാഖണ്ഡില്‍ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി നേതാവിന്റെ മകന്‍ പുല്‍കിത് ആര്യ അടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്. പുൽകിതിന്‍റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് അങ്കിതയെ കൊലപ്പെട്ടത്. പുല്‍കിതും റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അന്‍കിത് ഗുപ്ത എന്നിവരെയാണ് ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്‍വാള്‍ ജില്ലാ കോടതി ശിക്ഷിച്ചത്.
സുഹൃത്തിനെ വിവാഹം കഴിക്കാൻ സാധിക്കാത്തതിലെ വിഷാദത്തിലാണ് അങ്കിത ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ അങ്കിതയുടെ വാട്സാപ്പ് ചാറ്റുകള്‍ കേസില്‍ നിര്‍ണായകമായത്. 2022 സെപ്റ്റംബര്‍ 24 നാണ് ഋഷികേഷിലെ ഒരു കനാലില്‍ നിന്നും അങ്കിതയുടെ മൃതദേഹം ലഭിക്കുന്നത്. ഇതിന് ആറു ദിവസം മുന്‍പ് അങ്കിതയെ കാണാതായിരുന്നു.
റിസോര്‍ട്ടില്‍ ജോലിക്ക് വന്നത് മുതല്‍ കൊല്ലപ്പെടുന്നത് വരെയുള്ള വാട്സാപ്പ് ചാറ്റില്‍ പ്രതികള്‍ അങ്കിതയെ ബുദ്ധിമുട്ടിച്ചതായി വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. റിസപ്ഷന്‍ ജോലിക്ക് പുറമെ അധിക ജോലി ചെയ്യണമെന്നുള്ള പ്രതികളുടെ ലൈംഗിക ചുവയോടെയുള്ള ആവശ്യത്തെ തുടര്‍ന്ന് അങ്കിത ജോലി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നതായും പ്രൊസിക്യൂഷന്‍ വാദിച്ചു.
അങ്കിതയുടെ ഫോണില്‍ നിന്നും സുഹൃത്തായ പുഷ്പിന് അയച്ച ഒരു ചാറ്റില്‍ 'ഞാന്‍ ദരിദ്രയാണെങ്കിലും 10,000 രൂപയ്ക്ക് ശരീരം വില്‍ക്കില്ല' എന്ന സന്ദേശം ഉണ്ടായിരുന്നതായും കോടതിയില്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, അങ്കിത കനാലിലേക്ക് വീണതല്ലെന്നും ബലം പ്രയോഗിച്ച് പിടിച്ചുതള്ളിയാതാണെന്നും വ്യക്തമായിരുന്നു.
സെപ്റ്റംബര്‍ 18 ന് അങ്കിത 'ഇവിടെ നിന്നും കൊണ്ടു പോകൂ എന്ന് പറഞ്ഞ് കരയുന്നത് കണ്ടതായി' ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. അന്നേദിവസം അങ്കിത പ്രതികള്‍ക്കൊപ്പം ഋഷികേശിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരികെ റിസോര്‍ട്ടിലേക്ക് വരുന്നതിനിടെ റിസോര്‍ട്ടിലെ അനാശാസ്യ പ്രവര്‍ത്തനത്തെ പറ്റി തര്‍ക്കമുണ്ടാവുകയും അങ്കിതയെ പിടിച്ചു കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.
2021 വരെ ത്രിവേന്ദ്ര സിംഗ് റാവത്ത് സർക്കാരിൽ സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് കേസിലെ പ്രധാനപ്രതിയായ പുല്‍കിത് ആര്യ. കൊല്ലപ്പെടുന്നതിന് ഏകദേശം 20 ദിവസം മുന്‍പാണ് അങ്കിത റിസോർട്ടില്‍ ജോലിക്കെത്തിയത്.