ഇന്ത്യന്‍ യുദ്ധക്കപ്പലുകളെക്കുറിച്ചും അന്തര്‍വാഹിനികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറിയ 27കാരനായ ഇന്ത്യന്‍ യുവാവ് താനെയില്‍ പിടിയില്‍. കെല്‍വ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ രവീന്ദ്ര വര്‍മയാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. ശബ്ദസന്ദേശങ്ങളായും വരകളായും ഡയഗ്രങ്ങളായുമാണ് രഹസ്യവിവരങ്ങള്‍ ഇയാള്‍ പാക്കിസ്ഥാനി ഇന്റലിജന്‍സിനു കൈമാറിയത്.
ഇന്ത്യയിലെയും വിദേശത്തേയും വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഇയാള്‍ വലിയ തുകയും കൈപ്പറ്റിയതായി എടിഎസ് കണ്ടെത്തി. ബുധനാഴ്ച്ചയാണ് രവീന്ദ്ര വര്‍മയെ മഹാരാഷ്ട്രയില്‍വച്ച് പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, പാക്കിസ്ഥാനി ഏജന്റിന്റെ ഹണിട്രാപ്പില്‍പ്പെട്ടാണ് ഇയാള്‍ നിര്‍ണായകവിവരങ്ങള്‍ കൈമാറാന്‍ തയ്യാറായതെന്നാണ് വിവരം. വ്യാജ അക്കൗണ്ടിലൂടെ സ്ത്രീസുഹൃത്തായി വന്നത് പാക്കിസ്ഥാനി ഏജന്റായിരുന്നു.
ദൂഷ്യഫലങ്ങളെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് രഹസ്യവിവരങ്ങള്‍ രവീന്ദ്ര വര്‍മ ഏജന്റിന് കൈമാറിയതെന്നും തക്കതായ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും എടിഎസ് വക്താവ് പിടിഐയോട് പറഞ്ഞു. ഇന്ത്യയുടെ യുദ്ധക്കപ്പലുകളെക്കുറിച്ചും അന്തര്‍വാഹിനികളെക്കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങളാണ് രവീന്ദ്ര കൈമാറിയത്. സൈന്യത്തിനും പ്രതിരോധത്തിനുമായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന കമ്പനിയായ ഡിഫന്‍സ് ടെക്നോളജി ഫേമിലെ ജൂനിയര്‍ എഞ്ചിനീയറാണ് രവീന്ദ്ര.
തെക്കന്‍ മുംബൈയിലെ നേവല്‍ ഡോക്ക്‌യാര്‍ഡിലടക്കം ആക്സസ് ഉള്ള വ്യക്തിയാണ് രവീന്ദ്ര വര്‍മ. നാവിക കപ്പലുകളെക്കുറിച്ചും സബ്മറൈനുകളെക്കുറിച്ചും കൃത്യമായ ബോധ്യമുള്ളയാളാണ്. നേവല്‍ ഡോക്ക്‌യാര്‍ഡിലേക്കുള്ള സന്ദര്‍ശനസമയത്ത് മൊബൈല്‍ ഫോണുകള്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് യുദ്ധക്കപ്പലുകളെക്കുറിച്ചും സബ്മറൈനുകളെക്കുറിച്ചുമുള്ള വരകളും ഡയഗ്രങ്ങളും ശബ്ദസന്ദേശങ്ങളുമാണ് രവീന്ദ്ര പാക് ഇന്റലിജന്‍സിനു കൈമാറിയിട്ടുണ്ടാവുക. യുദ്ധക്കപ്പലുകളുടേയും അന്തര്‍വാഹിനികളുടേയും പേരുകളടക്കമാണ് ഇയാള്‍ പാക്കിസ്ഥാന് കൈമാറിയത്.
2024ല്‍ പായല്‍ ശര്‍മ, ഇസ്പ്രീത് എന്നീ രണ്ടു വ്യാജ സ്ത്രീ അക്കൗണ്ടുകളില്‍ നിന്നാണ് രവീന്ദ്ര വര്‍മയ്ക്ക് ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. റിക്വസ്റ്റ് സ്വീകരിച്ച രവീന്ദ്ര ഈ രണ്ടു അക്കൗണ്ടുകളിലുമായി ചാറ്റിങ്ങും നടത്തി. ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണെന്നും പ്രൊജക്ടിന്റെ ഭാഗമായി യുദ്ധക്കപ്പലുകളെക്കുറിച്ചും അന്തര്‍വാഹിനികളെക്കുറിച്ചും അറിയണമെന്നും ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിലെ സംസാരത്തിനു ശേഷം അതൊരു ഹണിട്രാപ് ആയി മാറുകയായിരുന്നു. ചെയ്യുന്ന പ്രവര്‍ത്തിയുടെ ദൂഷ്യഫലങ്ങള്‍ കൃത്യമായി അറിഞ്ഞിട്ടും അക്കൗണ്ടിലേക്കുവരുന്ന ലക്ഷങ്ങള്‍ക്കുവേണ്ടി രവീന്ദ്ര നിര്‍ണായകമായ പല രഹസ്യവിവരങ്ങളും കൈമാറിയതായി എടിഎസ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച്ച വരെ ഇയാളെ കോടതി എടിഎസ് കസ്റ്റഡിയില്‍ വിട്ടു.