മകനെ അതിര്‍ത്തിയില്‍ നിര്‍ത്തി പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി. ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥർ ബിഎസ്എഫിനു കൈമാറിയത്. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ സുനിതയെ അമൃത്‌സർ പൊലീസിനെ ഏൽപിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കാൻ നാഗ്പുരിൽ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.
നാഗ്പുര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യും. ചാരവൃത്തിയോ മറ്റെന്തെങ്കിലും ഇന്ത്യാവിരുദ്ധ നീക്കങ്ങളിലോ ഭാഗമായിരുന്നോവെന്ന് അറിയാനാണ് ചോദ്യം ചെയ്യല്‍. അമൃത്‌സർ പൊലീസ് സീറോ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
മേയ് 14നാണ് നിയന്ത്രണരേഖ കടന്ന സുനിത പാക്കിസ്ഥാനിലേക്ക് പോയത്. 13വയസുകാരനായ മകനെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍ത്തി ഇപ്പോള്‍ വരാമെന്നും, ഇവിടെ നിന്നും മാറിപ്പോകരുതെന്നും പറഞ്ഞാണ് സുനിത പോയത്. ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കാര്‍ഗില്‍ വഴിയാണ് സുനിത പോയത്.
നിയന്ത്രണരേഖയ്ക്ക് അടുത്ത് ഒരു കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികള്‍ ലഡാക് പൊലീസിനെ അറിയിച്ചു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)യുടെ സംരംക്ഷണത്തിലാണുള്ളത്. വൈകാതെ കുട്ടിയെയും നാഗ്പുരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സുനിത ഇതാദ്യമായല്ല പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. മുന്‍പു രണ്ടുതവണ നടത്തിയ ശ്രമവും പാളിപ്പോവുകയായിരുന്നു. അട്ടാരി അതിര്‍ത്തിയില്‍വച്ച് സുനിതയെ മടക്കി അയക്കുകയായിരുന്നു. ഓൺലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് സുനിത അതിർത്തി കടന്നതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു സുനിത.