ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രവീണ്‍ മിത്തല്‍ (42), ഇയാളുടെ ഭാര്യ, രണ്ട് പെണ്‍ മക്കള്‍, ഒരാണ്‍കുട്ടി, പ്രായമായ മാതാപിതാക്കള്‍ എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നാണ് പ്രാഥമിക വിവരം. കടബാധ്യതയാണ് മരണകാരണമെന്ന് കരുതുന്നു.
ഹിസാറിലെ ബര്‍വാല സ്വദേശിയാണ് പ്രവീണ്‍ മിത്തല്‍. പഞ്ച്കുളയിലെ സകേത്രിയില്‍ ടാക്സി ഡ്രൈവറാണിയാള്‍. മിത്തലിന് ഏകദേശം 20 കോടി രൂപയുടെ കടമുണ്ടായിരുന്നു എന്നാണ് ബന്ധു പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമാചല്‍പ്രദേശിലെ ബാദിയില്‍ മിത്തല്‍ ഒരു സ്ക്രാപ് ഫാക്ടറി തുടങ്ങി. ബാങ്ക് ലോണ്‍ എടുത്ത് തുടങ്ങിയ ഫാക്ടറിയായിരുന്നു. അടവ് മുടങ്ങിയതോടെ ബാങ്ക് ഫാക്ടറി പൂട്ടി സീലുവച്ചു. രണ്ട് ഫ്ലാറ്റുകളും വാഹനങ്ങളുമടക്കം പിടിച്ചെടുക്കുകയും ചെയ്തു.
ഇതോടെ മാനസിക സമ്മര്‍ദത്തിലായ മിത്തല്‍ പഞ്ച്കുളയില്‍ നിന്ന് നാടുവിട്ടു. ഡെറാഡൂണിലേക്ക് പോയ മിത്തല്‍ ആറു വര്‍ഷത്തോളം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞു. പഞ്ചാബിലെ ഖരാര്‍ എന്നയിടത്തേക്കാണ് മിത്തല്‍ പിന്നീട് പോയത്. അതിനുശേഷം ഹരിയാനയിലെ പിഞ്ചോരിലുള്ള അമ്മായിയച്ഛന്‍റെ അടുത്തെത്തി. ഒരുമാസം മുന്‍പാണ് ഇയാള്‍ പഞ്ച്കുളയിലെത്തിയത്.
സന്ദീപ് അഗര്‍വാള്‍ എന്ന ബന്ധുവാണ് ഈ വിവരങ്ങള്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്. ബാഗേശ്വര്‍ ധാമില്‍ നടന്ന ആത്മീയ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് കുടുംബം ജീവനൊടുക്കിയത്. വീടിനുവെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കണ്ട് സംശയം തോന്നിയ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് കൂട്ടമരണം പുറംലോകമറിഞ്ഞത്.
പ്രദേശവാസികളായ രണ്ടുപേര്‍ എത്തിയപ്പോള്‍ പ്രവീണ്‍ മിത്തല്‍ കാറിനു വെളിയിലിരിപ്പുണ്ടായിരുന്നു. ഉത്തരാഖണ്ഡ് രജിസ്ട്രേഷന്‍ കാറായതിനാല്‍ എന്താണ് വാഹനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് ഇവര്‍ മിത്തലിനോട് ചോദിച്ചു. ബാഗേശ്വര്‍ ധാമില്‍ പോയിവരികയാണെന്നും താമസിക്കാന്‍ സ്ഥലം കിട്ടാതിരുന്നത് കൊണ്ട് ഇവിടെ നിര്‍ത്തിയിട്ടതാണെന്നും മിത്തല്‍ മറുപടി പറഞ്ഞു. മാര്‍ക്കറ്റിനടുത്തേക്ക് കാര്‍ മാറ്റിയിടാന്‍ ഇവര്‍ മിത്തലിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ ഒരു ടവ്വല്‍ കാറിനുള്ളില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നത് ഇവര്‍ ശ്രദ്ധിച്ചു. വൃത്തികെട്ട നാറ്റവും. കാര്‍ നീക്കിയിടാനായി മിത്തല്‍ എഴുന്നേറ്റപ്പോള്‍ എന്തോ പന്തികേട് തോന്നി ഇവര്‍ കാറിനുള്ളിലേക്ക് നോക്കി. കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. ആറുപേര്‍ ഛര്‍ദിയില്‍ കുളിച്ച് കിടക്കുന്നു. ഇതോടെ മിത്തലിനെ തള്ളിമാറ്റി കാര്യം അന്വേഷിച്ചു. ‘കടം കയറി മുടിഞ്ഞു, ഞാനും അഞ്ചു മിനിറ്റിനകം മരിക്കും’ എന്നാണ് മിത്തല്‍ ഇവരോട് പറഞ്ഞത്.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തതു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കാറില്‍ നിന്ന് പ്രവീണ്‍ മിത്തല്‍ എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കടം കാരണമാണ് ജീവനൊടുക്കുന്നത്, ബന്ധുവായ സന്ധീപ് അഗര്‍വാള്‍ ഞങ്ങള്‍ക്കു വേണ്ടി അന്ത്യകര്‍മങ്ങള്‍ ചെയ്യണം എന്നടക്കം കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)