mysore-pak

പാക്ക് എന്ന പേരിനോടുള്ള വെറുപ്പിന്‍റെ പുറത്ത് മൈസൂര്‍ പാക്കിന്‍റെ പേര് മാറ്റിയ സംഭവം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ജയ്പൂരിലെ വ്യാപാരികളുടെ തീരുമാനമാണെങ്കിലും രാജ്യമെമ്പാടും ഇതിന് പ്രതികരണം ലഭിച്ചു. മൈസൂര്‍ പാക്ക്  ആദ്യമുണ്ടാക്കിയ , മൈസൂര്‍ രാജകുടുംബത്തിലെ പാചകകാരുടെ പുതിയ തലമുറയും പേരുമാറ്റത്തോട് പ്രതികരിച്ചു. 

'മൈസൂര്‍ പാക്കിനെ അതേപേരില്‍ തന്നെ വിളിക്കൂ' എന്നാണ് ആദ്യമായി മൈസൂര്‍ പാക്ക് നിര്‍മിച്ച കാകാസുര മടപ്പയുടെ കൊച്ചുമകനായ എസ്. നടരാജ് പറഞ്ഞത്. ഓരോ പാരമ്പര്യത്തിനും അതിന്‍റെതായ ശരിയായ പേരുണ്ട്. അതിനെ തെറ്റായി ചിത്രീകരിക്കുത്, മറ്റുപേരുകള്‍ ചേരില്ലെന്നുമാണ് നടരാജ് പറഞ്ഞത്. മൈസൂര്‍ പാക്കിലെ പാക്ക് വന്നത് കന്നട വാക്ക് പാക്കയില്‍ നിന്നാണെന്നും അതിന് അര്‍ഥം പഞ്ചസാര സിറപ്പ് എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.

 'മൈസൂരില്‍ നിന്നുണ്ടാക്കിയ പലഹാരമായതിനാല്‍ അതിനെ മൈസൂര്‍ പാക്ക് എന്നുവിളിച്ചു. അല്ലാതെ മറ്റെന്തെങ്കിലും വിളിക്കാന്‍ കാരണമില്ല' എന്നാണ് നടരാജിന്‍റെ വിശദീകരണം.

ജയ്പൂരിലെ മൂന്ന് പ്രധാന ബേക്കറികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പേരില്‍ നിന്നും പാക്ക് ഒഴിവാക്കി ശ്രീ ചേര്‍ത്തതോടെയാണ് വിവാദമുണ്ടായത്. ദേശസ്നേഹത്തിന്‍റെ ഭാഗമായി പാക്ക് എന്ന വാക്ക് ഒഴിവാക്കുന്നു എന്നാണ് ത്യോഹർ സ്വീറ്റ്‌സ്, ബോംബെ മിസ്ഥാൻ ഭണ്ഡാർ, അഗർവാൾ കാറ്ററേഴ്‌സ് എന്നിവര്‍ അറിയിച്ചത്. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന വാക്ക് ചേര്‍ക്കുകയായിരുന്നു കടയുടമകള്‍. 

ദേശസ്‌നേഹത്തിന്റെ പ്രതീകാത്മകമാണിതെന്നാണ് ഉടമകളുടെ വാദം. മധുരപലഹാരങ്ങളും ദേശാഭിമാനം പ്രകടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് ത്യോഹാർ സ്വീറ്റ്‌സിന്‍റെ അഞ്ജലി ജെയിന്‍ പറഞ്ഞത്. നെയ്യ്, കടലപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് തയ്യാറാക്കുന്ന മധുരപലഹാരമാണ് മൈസൂര്‍ പാക്ക്. വോഡയാർ രാജവംശത്തിലെ കൃഷ്ണരാജ വോഡയാർ നാലാമന്‍റെ  ഭരണകാലത്താണ് മൈസൂരുവിൽ ഇത് ആദ്യമായി പാകം ചെയ്തത്. 

1935-ൽ അദ്ദേഹം താമസിച്ചിരുന്ന അംബാ വിലാസ് കൊട്ടാരത്തില്‍ അന്നത്തെ രാജകുടുംബത്തിന്‍റെ പാചകകാരനായിരുന്ന കാകാസുര മടപ്പയാണ് മധുര പലഹാരം ഉണ്ടാക്കിയത്. പലഹാരം ആദ്യം നല്‍കിയതും രാജാവിനാണ്. രാജാവ് മടപ്പയോട് പേര് നിര്‍ദ്ദേശിക്കുകയും അദ്ദേഹമാണ് പാലഹാരത്തെ 'മൈസൂര്‍ പാക്ക്' എന്ന് വിളിക്കുകയും ചെയ്തത്.

ENGLISH SUMMARY:

The decision by Jaipur sweet shops to drop the word “Pak” from Mysore Pak’s name has triggered nationwide debate. Descendant of its inventor, S. Nataraj, insists on preserving the name, explaining that “Pak” is derived from a Kannada word meaning sugar syrup. He calls the renaming disrespectful to culinary heritage.