കോയമ്പത്തൂരിൽ കാടിറങ്ങി ചരിഞ്ഞ പിടിയാനയുടെ പോസ്റ്റുമോർട്ടത്തിൽ കണ്ണീർ കാഴ്ച. പോസ്റ്റുമോർട്ടത്തിനിടെ പൂർണ വളർച്ചയെത്തിയ കുട്ടിയാനയുടെ ജഡം പുറത്തെടുത്തു. കുടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരതിയാർ സർവകലാശാലക്കു സമീപം അവശനിലയിൽ ആനയെ കണ്ടെത്തിയത്. 

കുഴഞ്ഞു വീണ ആനയെ ദിവസങ്ങളോളം ചികിൽസിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. പിന്നാലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. ചലനമറ്റ, പൂർണവളർച്ചയെത്തിയ കുട്ടിയാനയുടെ ജഡം പുറത്തെടുത്തു, പിന്നാലെ സംസ്കരിച്ചു. 

ഒപ്പം ഏറെ വേദനയുണ്ടാക്കിയ മറ്റൊന്ന് കൂടി. കിലോകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ആനയുടെ കുടിലിൽ നിന്നടക്കം കണ്ടെടുത്തത്. ആനയുടെ മരണത്തിനു കാരണമായതും ഈ മാലിന്യം തന്നെ. വനത്തോട് ചേർന്ന് വൻതോതിൽ മാലിന്യം നിക്ഷേപിച്ചതാണ് ആനയ്ക്ക് വില്ലനായത്. 

നേരത്തെയും പലഭാഗങ്ങളിലായി ചരിഞ്ഞ നിലയിൽ കണ്ടെത്തിയ ആനകളുടെ വയറ്റിൽ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. സോമയംപാളയം പഞ്ചായത്ത്‌ കിടങ്ങിലെ മാലിന്യം ആനകളുടെ അന്ത്യത്തിനു കാരണമാകുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആരും ഗൗനിച്ചിരുന്നില്ല. വിഷയത്തിൽ കടുത്ത നടപടിക്കൊരുങ്ങുകയാണ് വനംവകുപ്പ്.

ENGLISH SUMMARY:

A heartbreaking scene unfolded during the postmortem of a female elephant that collapsed and died near Bharathiar University in Coimbatore. It was discovered that she was pregnant, and the fully developed fetus of a baby elephant was recovered during the examination. Shockingly, large amounts of plastic waste were also found in the elephant’s intestines, believed to be the cause of death. Despite earlier warnings by the Forest Department about the dangers of plastic waste near forest borders, little action was taken. The department is now preparing to implement strict measures.