മാള അന്നമനട ക്ഷേത്ര ഉൽസവത്തിനിടെ യുവാവിനെ ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിൽസയിൽ . ആനയെ പിന്നാലെ തളച്ചു.
അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവമായിരുന്നു. രാവിലെ 9 മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടെ ആന ഇടഞ്ഞു തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിഞ്ഞു. മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേകിന് പരുക്കേറ്റു. കൊമ്പൻ അക്കിക്കാവ് കാർത്തികേയനാണ് അക്രമം കാട്ടിയത്. ആനയുടെ പുറത്ത് കോലം എടുത്തുകൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. മുഖത്ത് ഗുരുതരമായി പരുക്കേറ്റ വിവേകിന്റെ കൈ ഒടിഞ്ഞു. കറുക്കുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവനം കുട്ടൻ മാരാർയുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവചടങ്ങുകൾ താൽക്കാലികമായി നിർത്തിവെച്ചു. വിവരമറിഞ്ഞ് മാള പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. എലിഫന്റ് സ്ക്വാഡ് എത്തി ആനയെ നിയന്ത്രണ വിധേയമാക്കി. രാവിലെ പതിനൊന്നരയോടെ ആനയെ ലോറിയിൽ കയറ്റി മാറ്റി. ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രചടങ്ങുകൾ പുനരാരംഭിച്ചു.