വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികള്‍ സുപ്രിംകോടതി വിശദമായ വാദം കേൾക്കലിന് ശേഷം ഇടക്കാല ഉത്തരവിനായി മാറ്റി. നിയമം സ്‌റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പിന്നീട് ഇടക്കാലവിധി പറയും. വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ല എന്നതിനാൽ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാർ വാദം.
വഖഫ് നിയമത്തില്‍ നിര്‍വചിച്ച പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണ്. പട്ടികവര്‍ഗ്ഗ മേഖലയിലെ ഭൂമി കൈമാറ്റത്തിന് സംസ്ഥാന നിയമങ്ങളുടെ വിലക്കുണ്ട്. എന്നാല്‍ വഖഫ് ആയി മാറ്റിയാല്‍ മുത്തവല്ലിയുടെ താല്‍പര്യാനുസൃതം ഭൂമി കൈകാര്യം ചെയ്യാനാകുമെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. മതവിശ്വാസം പാലിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥ തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് എന്നും കേന്ദ്രം വാദിച്ചു.
അതേസമയം, ശവസംസ്‌കാരത്തിനായി 200 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകുമെന്നായിരുന്നു ഹര്‍ജിക്കാർക്കായി ഹാജരായ കപിൽസിബലിന്‍റെ മറുചോദ്യം. ഇസ്ലാമിലെ അവിഭാജ്യഘടകമാണ് വഖഫ് എന്ന് രാജീവ്ധവാനും വാദിച്ചു.