ചിത്രം: ജോസുകുട്ടി പനയ്ക്കല്‍

  • നേപ്പാള്‍ സ്വദേശി ഡല്‍ഹിയിലെത്തിയത് ജനുവരിയില്‍
  • സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചു
  • മടങ്ങാനൊരുങ്ങവേ ഇന്‍റലിജന്‍സ് വിരിച്ച വലയില്‍

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐ നടത്തിയ പദ്ധതി പൊളിച്ച് രഹസ്യാന്വേഷണ ഏജന്‍സി. മൂന്ന് മാസം നീണ്ട ദൗത്യത്തിനൊടുവിലാണ് ദൗത്യം രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘം തകര്‍ത്തത്.  അന്‍സറുള്‍ മിയ അന്‍സാരിയെന്ന പാക് ചാരനായിരുന്നു ഇതിന്‍റെ ചുമതലയെന്നും ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഐഎസ്ഐക്ക് കൈമാറാന്‍ പ്രത്യേക പരിശീലനം ലഭിച്ച വ്യക്തിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുന്നു. പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരിലേക്കും സംശയത്തിന്‍റെ മുനകള്‍ നീളുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡാനിഷ് എന്നറിയപ്പെടുന്ന  ഇഹ്സാന്‍ ഉര്‍ റഹിം, മുസമ്മില്‍ എന്നീ ഐഎസ്ഐ ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെ യൂട്യൂബര്‍മാരെയും ഇന്‍ഫ്ലുവന്‍സര്‍മാരെയും റിക്രൂട്ട് ചെയ്തിരുന്നെതന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ഡല്‍ഹിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ ഐഎസ്ഐ ചാരനെ അയയ്ക്കുന്നതായി ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചത്. നേപ്പാള്‍ വഴിയാണ് ചാരന്‍ എത്തുന്നെതന്നും വിവരം ലഭിച്ചിരുന്നു. ഇതോടെ രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചു. നേപ്പാള്‍ വഴി അന്‍സറുള്‍ മിയ അന്‍സാരി ഡല്‍ഹിയില്‍ എത്തി. സൈനിക  വിവരങ്ങളും ഡല്‍ഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലെ ചിത്രങ്ങളും സുപ്രധാന വിവരങ്ങളും ഇയാള്‍ ശേഖരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അന്‍സാരിയെ കുടുക്കാന്‍ വല വിരിച്ച ഉദ്യോഗസ്ഥര്‍ , ഇയാള്‍ നേപ്പാള്‍ വഴി തിരികെ പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ ഫെബ്രുവരി 15ന് പിടികൂടുകയായിരുന്നു. 

നേപ്പാള്‍ സ്വദേശിയായ അന്‍സാരി 2008 മുതല്‍ ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിന്നീടാണ് ഇയാള്‍ ഐഎസ്ഐയുമായി അടുത്തത്. പണം ഉണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു അന്‍സാരിക്കെന്നും ഇതിനായി ചാരവൃത്തി ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഖത്തറില്‍ നിന്നും പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെത്തിയ അന്‍സാരി പ്രത്യേക പരിശീലനം നേടിയാണ് ഡല്‍ഹിയില്‍ എത്തിയെതന്നും അന്വേഷണ സംഘം പറയുന്നു. 

2024  ജൂണില്‍ പാക്കിസ്ഥാനിലെത്തയ അന്‍സാരി ഒരു വര്‍ഷം അവിടെ ചെലവഴിച്ചു. പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ബാബ്റി മസ്ജിദ് വിഷയത്തില്‍ ഇന്ത്യയിലെ നിലപാടുകളും പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പ്രതിഷേധങ്ങളും വിവരങ്ങളുമെല്ലാം ധരിപ്പിച്ചു. അന്‍സാരിയെ കൂടുതല്‍ വിവരശേഖരത്തിനായി ഉപയോഗിക്കാമെന്ന് തീര്‍ച്ചപ്പെടുത്തിയ ഐഎസ്ഐ, ഡല്‍ഹിയില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള രേഖകള്‍ കൈക്കലാക്കുന്നതിനും അവ അതീവ രഹസ്യമായി പാക്കിസ്ഥാന് കൈമാറുന്നതിനുള്ള പരിശീലനം തുടര്‍ന്ന് അന്‍സാരിക്ക് നല്‍കിയെന്നും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഇന്‍റലിജന്‍സ് വ്യക്തമാക്കുന്നു.

കസ്റ്റഡിയിലെടുത്ത അന്‍സാരിക്കെതിരെ ഒഫിഷ്യല്‍ സീക്രട്സ് ആക്ട് അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും രഹസ്യാത്മക സ്വഭാവമുള്ള രേഖകളടക്കം കണ്ടെടുത്തു. റാഞ്ചി സ്വദേശിയായ അഖ്​ലാഖ് അസം എന്നയാളെയും കേസില്‍ പങ്കുണ്ടെന്ന് കണ്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്‍സാരിക്ക് ഇന്ത്യയില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നത് അസമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇരുവരും നിരന്തരമായി പാക്കിസ്ഥാനിലുള്ള രഹസ്യ കേന്ദ്രങ്ങളുമായി ആശയവിനിമയം പുലര്‍ത്തിയിരുന്നുവെന്നതും തെളിവായി. അസമിന്‍റെ അറസ്റ്റ് മാര്‍ച്ചിലാണ് രേഖപ്പെടുത്തിയത്. ഫോണ്‍ സംഭാഷണങ്ങളും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ചാര ശൃംഖലയില്‍ കൂടുതല്‍ പേരുണ്ടോയെന്ന അന്വേഷണവും നടത്തിവരികയാണ്. 

ഐഎസ്ഐ പിന്തനുണയുള്ള ഭീകര സംഘടനയായ ബാബര്‍ ഖല്‍സ ഇന്‍റേനേഷന്‍ പഞ്ചാബിലെ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്തിയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യത്തെ പാക് പിന്തുണയുള്ള ഭീകര സംഘടനകളെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തതെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സ്ലീപ്പര്‍ സെല്ലുകളെ കുറിച്ചും അവര്‍ക്ക് പണമായും ആളായും സഹായം ചെയ്യുന്നവരെ കുറിച്ചും വിവരം ശേഖരിച്ചിരുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. വിവരങ്ങള്‍ അപഗ്രഥിച്ചതോടെയാണ് ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി മനസിലായതെന്നും സംഘം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

A major terror plan by Pakistan's ISI targeting Delhi was foiled by Indian intelligence after a three-month covert mission. Two spies, including Ansarullah Mia Ansari, trained in Pakistan to collect Indian Army and strategic location data, were arrested. ISI’s recruitment of Indian influencers also under probe.