ഫയല്‍ ചിത്രം
ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അമൃത്സറിലെ സുവർണ ക്ഷേത്ര വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടില്ലെന്ന് സൈന്യം. പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ ക്ഷേത്ര മാനേജ്മെന്റ് സൈന്യത്തിന് അനുമതി നൽകിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. സുവർണ്ണ ക്ഷേത്രത്തിൽ വ്യോമ പ്രതിരോധത്തിന്‍റെ ഭാഗമായി തോക്കുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നു. കരസേനാ മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രിയാണ് സുവർണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഇതിനു പിന്നാലെ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞുകൊണ്ട് ക്ഷേത്രത്തിലെ പുരോഹിതരുടെ തലവനും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) യും ക്ഷേത്രത്തില്‍ ഇന്ത്യൻ സൈന്യത്തിന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സമയം ബ്ലാക്ക് ഔട്ടിന്‍റെ ഭാഗമായി ലൈറ്റുകൾ ഓഫ് ചെയ്യുന്നതിനെ കുറിച്ച് മാത്രമേ ഭരണകൂടം തങ്ങളെ ബന്ധപ്പെട്ടിരുന്നൂ എന്നും അതില്‍ പൂര്‍ണമായും സഹകരിച്ചുവെന്നും എസ്‌ജിപിസി പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. അതല്ലാതെ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കുന്നതിനായി ഒരു സൈനിക ഉദ്യോഗസ്ഥനും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിന്‍റ പവിത്രത പൂര്‍ണമായി നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേയ് 7,8 ദിവസങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സുവർണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചെന്നാണു സൈന്യം സ്ഥിരീകരിച്ചത്. അമൃത്സർ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുൾപ്പെടെ ഇന്ത്യൻ നഗരങ്ങളും സൈനിക താവളങ്ങളും പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.