ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ടുപേരെ ആയുധ ശേഖരവുമായി പിടികൂടി. രജൗറിയില്‍ ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്കായും വ്യാപക തിരച്ചില്‍. അതിർത്തിയിലെ സംഘർഷങ്ങൾക്കുശേഷം ജമ്മു ഡിവിഷനിലെ ശേഷിച്ച സ്കൂളുകൾ തുറന്നു. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിശ്രി വിദേശകാര്യവുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വിശദീകരിക്കും.
രണ്ട് തോക്കുകളുംം നാല് ഹാൻഡ് ഗ്രനേഡുകളും എകെ 47 തോക്കിന്‍റെ തിരകളുമായാണ് രണ്ടുപേരെ ഷോപ്പിയാനില്‍ അറസ്റ്റ് ചെയ്തത്. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഏത് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്നതിൽ വ്യക്തതയില്ല. പൊലീസ് വിശദമായി ചോദ്യംചെയ്യുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്നുപേരെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു രജൗറിയില്‍ വ്യാപകമായ തിരച്ചില്‍ നടക്കുകയാണ്. ഒരു സ്ത്രീയാണ് സംശയാസ്പദമായ ചിലരെ കണ്ടെന്ന് പൊലീസിനെ അറിയിച്ചത്. പൂഞ്ചിലും തിരച്ചില്‍ നടക്കുന്നു. അതിനിടെ, അതിർത്തിയിലെ സംഘർഷങ്ങൾക്കുശേഷം ജമ്മു ഡിവിഷനിലെ ശേഷിച്ച സ്കൂളുകൾ ഇന്ന് തുറന്നു. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വിശദീകരിക്കും. വൈകിട്ട് നാലുമണിക്കാണ് ശശി തരൂര്‍ അധ്യക്ഷനായ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം.