പ്രതീകാത്മക ചിത്രം

ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമതാവളങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടത്. രാത്രി നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ നെഞ്ചിന്‍കൂട് പിളര്‍ന്നെന്ന് സാരം. ഇന്ത്യന്‍ വ്യോമസേനയുടെ ബുദ്ധിപരമായ നീക്കത്തിലാണ് പാക്കിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തച്ചുതര്‍ത്ത് പാക്കിസ്ഥാന് അകത്ത് ആക്രമിക്കാന്‍ ഇന്ത്യയ്ക്കായത്. 

വ്യോമകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന് മുന്‍പ് പാക്കിസ്ഥാനിലേക്ക് ഇന്ത്യ യുദ്ധവിമാനങ്ങളെന്ന് തോന്നിപ്പിക്കുന്ന ഡമ്മി വിമാനങ്ങള്‍ അയച്ചിരുന്നുഎന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍റെ ചൈനീസ് നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങളെ ട്രാപ്പിലാക്കാനും നിര്‍വീര്യമാക്കാനുമായിരുന്നു വ്യോമസേനയുടെ നീക്കം. 

മേയ് 9 നും പത്തിനും ഇടയിലെ രാത്രിയില്‍ പാക്കിസ്ഥാന്‍റെ 11 വ്യോമതാവളങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിത്. മിസൈല്‍ വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് യുദ്ധവിമാനങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആളില്ലാ ഡമ്മി വിമാനങ്ങളെയാണ് അയച്ചത്. ഇന്ത്യയില്‍ നിന്നും യുദ്ധ വിമാനങ്ങളെത്തുന്നു എന്ന പ്രതീതിയില്‍ പാക്കിസ്ഥാന്‍ എച്ച്ക്യു-9 പ്രതിരോധ സംവിധാനം ആക്ടിവേറ്റ് ചെയ്തു. ഇതോടെ ഇവയുടെ ലക്ഷ്യങ്ങളറിഞ്ഞ് വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കുന്ന ആക്രമണം നടത്താന്‍ ഇന്ത്യയ്ക്കായി. 

ചൈനീസ് എച്ച്ക്യു-9 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് അഞ്ജാതമായ മേഖലയിലേക്ക് പാക്കിസ്ഥാന്‍ മാറ്റിയിരുന്നു. ഡമ്മി ജെറ്റുകള്‍ അയച്ചതോടെ പുതിയ സ്ഥലം കണ്ടെത്താനും റഡാറുകളും പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കാനും ഇന്ത്യയ്ക്കായി എന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷമാണ് വ്യോമസേന പാക്കിസ്ഥാന്‍റെ വ്യോമകേന്ദ്രങ്ങളിലേക്ക് തിരിഞ്ഞത്.  

ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാന്‍ എയര്‍ബേസ് ലക്ഷ്യമാക്കി നിങ്ങിയത്. ബ്രഹ്മോസ്, സ്കാല്‍പ് മിസൈലുകളാണ് പ്രധാനമായും ഇന്ത്യ പാക്കിസ്ഥാന്‍റെ വ്യോമതാവളങ്ങള്‍ക്ക് നേരെ പ്രയോഗിച്ചത്. ആക്രമണത്തിൽ ഏകദേശം 15 ബ്രഹ്മോസ് മിസൈലുകളും സ്കാൾപ്പ്, റാംപേജ്, ക്രിസ്റ്റൽ മെയ്സ് മിസൈലുകളും വിക്ഷേപിച്ചു എന്നാണ് വിവരം. ഇതില്‍  പാക്കിസ്ഥാന്‍റെ എയര്‍സ്ട്രിപ്പുകളും വ്യോമസേനയുടെ വാര്‍ത്ത വിതരണ സൗകര്യങ്ങളും അടക്കം ഇന്ത്യ തര്‍ത്തു. 

റഫീഖി (ഷോർകോട്ട്, ജാങ്), മുരിദ് (ചക്‌വാൽ), നൂർ ഖാൻ (ചക്‌ലാല, റാവൽപിണ്ടി) റഹീം യാർ ഖാൻ, സുക്കൂർ, ചുനിയൻ (കസൂർ) എന്നിവിടങ്ങളിൽ ഇന്ത്യൻ സേന ആക്രമണം നടത്തിയത്. സ്കാർഡു, ഭോലാരി, ജേക്കബ്ബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും വൻ നാശനഷ്ടമുണ്ടായി. 

രാജ്യാന്തര അതിര്‍ത്തിക്ക് 200 കിലോമീറ്റര്‍ അപ്പുറം സ്ഥിതി ചെയ്യുന്ന ജക്കോബാബാദ് വ്യോമ താവളത്തിന്‍റെ ഒരുഭാഗം അടക്കം ഇന്ത്യ തച്ചുടച്ചിരുന്നു. ജക്കോബാബാദ് വ്യോമതാവളത്തില്‍ വിമാനങ്ങള്‍ അറ്റകുറ്റപ്പണിക്കായും അല്ലാതെയും സൂക്ഷിക്കുന്ന ഹാങറുകളാണ് ഇന്ത്യ തകര്‍ത്തത്. ഹാങര്‍ പൂര്‍ണമായി തകര്‍ത്തതിനൊപ്പം സമീപത്തുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ വരുത്തിയതും വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

ENGLISH SUMMARY:

In Operation Sindoor, India’s air force launched a strategic attack on 11 Pakistani airbases after sending dummy jets to mislead enemy radar. The surprise midnight assault disabled China's HQ-9 air defense systems and destroyed hangars and infrastructure at key bases like Jacobabad and Sargodha.