വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ കണ്ണിറുക്കിക്കാണിച്ച പാക്കിസ്ഥാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനു നേരെ കടുത്ത വിമര്‍ശനം. പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയ്ക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെക്കുറിച്ചുള്ള ചോദ്യത്തിനു പിന്നാലെയായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ ചേഷ്ട. 

ഇമ്രാന്‍ ഖാനെതിരെ ഉയരുന്ന പരാമര്‍ശങ്ങളിലൂന്നിയായിരുന്നു മാധ്യമപ്രവർത്തക അബ്സ കൊമാന്റെ ചോദ്യം. ഇമ്രാൻ ഖാൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയും രാജ്യവിരുദ്ധനും ഡൽഹിക്കു വേണ്ടി പ്രവർത്തിക്കുന്നയാളുമെന്ന ആരോപണത്തിൽ പുതുമയെന്തെന്നും തുടര്‍ നടപടികള്‍ എങ്ങനെയെന്നുമായിരുന്നു അബ്സയുടെ ചോദ്യം. എന്നാല്‍ അയാളൊരു ‘മാനസിക രോഗി’യാണെന്നു കൂടി ആ ആരോപണങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കണമെന്ന് പറഞ്ഞ ശേഷമായിരുന്നു അഹമ്മദ് ഷരീഫ് അബ്സയ്ക്കു നേരെ കണ്ണിറുക്കി കാണിച്ചത്. 

കാമറയ്ക്കു മുന്‍പിലിരുന്ന് ഒരു ഉന്നത സൈനിക വക്താവാണ് ഈ കോപ്രായം കാണിക്കുന്നതെന്നും പാക്കിസ്ഥാനില്‍ ജനാധിപത്യം അവസാനിച്ചെന്നും വിഡിയോ കണ്ട എക്സ് ഉപയോക്താക്കള്‍ പ്രതികരിക്കുന്നു. ഇത് പത്രസമ്മേളനമോ അതോ നിലവാരമില്ലാത്ത ഫ്ലേര്‍ട്ടിങ്ങോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. 

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തുള്‍പ്പെടെ പാക്ക് സൈന്യത്തിന്റെ പ്രത്യക്ഷമുഖമായിരുന്നു അഹമ്മദ് ഷരീഫ്. വിമര്‍ശനം കത്തിപ്പടരുമ്പോഴും പക്ഷേ തന്റെ കണ്ണുകൊണ്ടുള്ള പ്രകടനത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥന്‍ ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

ENGLISH SUMMARY:

Pakistan military officer controversy refers to the criticism faced by a Pakistani military official for winking at a journalist during a press conference. The incident involving ISPR Director General Ahmed Sharif Chaudhry has sparked outrage and discussions about democracy and professionalism.