അഭിമാന മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ മുന്നേറിയ ആഘോഷ നിമിഷങ്ങള്‍ക്കിടെ കല്ലുകടിയായി തോന്നിയ ഒരു ദൃശ്യമുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവും കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെന്ന സൂചന പുറത്തുവന്നിരുന്നു. ഹാർദിക്കും സൂര്യകുമാറും കുൽദീപിനോട് കയർക്കുന്ന വിഡിയോ പ്രചരിച്ചതോടെ സോഷ്യല്‍മീഡിയയിലും സംഗതി ചര്‍ച്ചയായി.
മത്സരത്തിനിടെ അഫ്രീദിയുടെ ക്യാച്ച് കുല്‍ദീപ് ബൗണ്ടറി ലൈനിനു സമീപത്തുവച്ച് കൈവിട്ടതും സിക്സായതും സംബന്ധിച്ച് ഹാര്‍ദികും കുല്‍ദീപും തമ്മില്‍ തര്‍ക്കമുണ്ടായതായും സൂചനയുണ്ടായിരുന്നു. സംസാരിച്ചതെന്തെന്ന് വ്യക്തമല്ലെങ്കിലും രോഷത്തോടെയായിരുന്ന ഹാര്‍ദിക്കിന്‍റെ പ്രതികരണം. പിന്നാലെ നടന്ന പതിവു ഹസ്തദാനത്തില്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ദേഷ്യത്തോടെയാണ് കുൽദീപിനെ തിരിഞ്ഞു നോക്കിയത്.
ഇതോടെ ഇന്ത്യൻ ക്യാംപിൽ കാര്യങ്ങൾ അത്ര പന്തിയില്ലെന്നു വരെ അഭ്യൂഹങ്ങൾ പരന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവ് തന്‍റെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഗ്രൗണ്ടില്‍ നടന്ന കാര്യം പുനരാവിഷ്ക്കരിക്കുന്നൊരു വിഡിയോ ആണ് പുറത്തുവിട്ടത്.
‘ദേഷ്യപ്പെടുന്നത് നിർത്തൂ, സഹോദരാ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. സൂര്യകുമാർ യാദവും കുൽദീപ് യാദവും ചേർന്നുള്ള രസകരമായ വിഡിയോയില്‍ ക്യാപ്റ്റന്‍റെ പുറത്തൊരു തട്ട് കൊടുത്ത് കുല്‍ദീപ് ദേഷ്യത്തോടെ നടന്നുനീങ്ങുന്നു. സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.