ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ രാജ്യത്തിന്‍റെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ ആയുധങ്ങള്‍ വാങ്ങാനും ഗവേഷണത്തിനും അടക്കം 50,000 കോടി രൂപ അധികമായി അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള സപ്ലിമെന്‍ററി ബജറ്റ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിനായി 6.81 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.53 ശതമാനത്തിന്‍റെ വര്‍ധനവാണിത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2.29 ലക്ഷം കോടിയായിരുന്നു പ്രതിരോധ ബജറ്റ്. ഇന്ന് ആകെ ബജറ്റിന്‍റെ 13.45 ശതമാനം ഇന്ത്യ സൈനിക ആവശ്യങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂരിന്‍റെ ഭാഗമായി പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടികള്‍ ഇന്ത്യന്‍ സേനയുടെ പ്രതിരോധ ശേഷി എടുത്തുകാട്ടിയിരുന്നു. തദ്ദേശിയമായി നിര്‍മിച്ച ആകാശ് മിസൈല്‍ അടക്കമുള്ള ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക്ക് മിസൈലുകളെ നിഷ്പ്രഭമാക്കിയതാണ് സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് മേല്‍കൈ നല്‍കിയത്.
നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് പാക്കിസഥാനേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണെങ്കിലും ജിഡിപിയുടെ 1.90 ശതമാനം മാത്രമാണ്. ചൈന– പാക്ക് ഭീഷണിയെ നേരിടാന്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ജിഡിപിയുടെ 2.50 ശതമാനമെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് പ്രതിരോധ വിദഗ്ധരുടെ ആവശ്യം. നിലവിലെ ബജറ്റിന്‍റെ 24 ശതമാനം പെന്‍ഷനും ശമ്പളവും അടക്കമുള്ള പ്രവര്‍ത്തന ചെലവുകള്‍ക്കാണ്. ഏകദേശം 26.4 ശതമാനം മാത്രമാണ് പുതിയ ആയുധങ്ങള്‍ വാങ്ങാനും ആധുനിക വല്‍ക്കരണത്തിനും ഉപയോഗിക്കാനാകുന്നത്.