ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക് ഭീകരവാദത്തെ തുടച്ചുനീക്കും. ഇപ്പോള്‍ കണ്ടത് ട്രെയ്‌ലര്‍ മാത്രമാണ്. സിനിമ പിന്നാലെയുണ്ടാകും. ഐഎംഎഫ് പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കരുതെന്നും ഭുജ് വ്യോമതാവളത്തില്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. 

Read Also: സേനയുടെ ആയുധമുനയ്ക്ക് മൂര്‍ച്ചകൂടും; വരുന്നു 50,000 കോടിയുടെ അധിക ബജറ്റ്

ഇന്ത്യ–പാക് സംഘര്‍ഷത്തിനിടെ വന്‍ നയതന്ത്ര നീക്കവുമായി ഇന്ത്യ നീങ്ങുകയാണ്. വിവിധ ലോക രാജ്യങ്ങളിലേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കും.  പാക്കിസ്ഥാനോടുള്ള നിലപാടില്‍ വ്യക്തത വരുത്തുകയും ആഗോളസമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഒരു സംഘത്തെ ശശി തരൂര്‍ നയിക്കും. 

ഇതിനിടെ പാക്കിസ്ഥാനിലേക്കുള്ള പ്രത്യാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് 15 ബ്രഹ്മോസ് മിസൈലുകളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. മെയ് 9നും 10നും രാത്രിയിൽ 15 ബ്രഹ്മോസ് മിസൈലുകളാണ് പാക്കിസ്ഥാന്‍റെ 11 വ്യോമതാവളങ്ങളില്‍ നാശംവിതച്ചത്. പൈലറ്റില്ലാത്ത വിമാനങ്ങളുപയോഗിച്ച് പാകിസ്ഥന്‍റെ റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും സജീവമാക്കി. ശേഷം ഇവ തകര്‍ക്കാനയച്ചത് തുര്‍ക്കി നിര്‍മിത കാമികാസെ ഡ്രോണുകള്‍. സ്കാൾപ്പ് ക്രൂയിസ് മിസൈലുകളും ഇന്ത്യ പ്രത്യാക്രമണത്തിന് ആയുധങ്ങളാക്കി.  ആളില്ലാ വിമാനങ്ങളും കാമികാസെ ഡ്രോണുകളും ഇന്ത്യന്‍ സൈന്യത്തിന് കരുത്തായി. സര്‍വസജ്ജമായുള്ള ആക്രമണത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ 20 ശതമാനത്തിലേറെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.  പിന്നാലെയാണ് വെടിനിര്‍ത്തലിന് അപേക്ഷിച്ച് പാക് ഡിജിഎംഒ ഇന്ത്യയിലേക്ക് വിളിച്ചത്. 

ഭുജ് വ്യോമതാവളത്തിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈന്യത്തെ അഭിനന്ദിച്ചു.  അതിര്‍ത്തിയിലെ സേനാവിന്യാസം ഉടന്‍ കുറയ്ക്കാന്‍ ഇന്ത്യ – പാക് സൈനിക തല ചര്‍ച്ചയില്‍ ധാരണയായി. വെടിനിര്‍ത്തലിന്‍റെ അടുത്തഘട്ടമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര  വിശ്വാസം വളർത്താനുള്ള നടപടികൾ തുടരാൻ ഇന്നലെ നടന്ന സൈനിക തല ചര്‍ച്ചയില്‍ ധാരണയായി. ഞായറാഴ്ച വീണ്ടും ഇന്ത്യ – പാക് ഡിജിഎംഒമാര്‍ ഹോട്ട്ലൈന്‍ ചർച്ച നടത്തും.  

ENGLISH SUMMARY:

"Indirect Funding To Terror": Rajnath Singh's Message To IMF Over Pak Aid