പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപറേഷന്‍ സിന്ദൂര്‍ നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പഹല്‍ഗാമിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ പലയിടങ്ങളിലും ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യ നേരത്തെയും പാക്കിസ്ഥാനില്‍ കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെന്നും ഇത് ഭീകരര്‍ക്കുള്ള ശക്തമായ താക്കീതാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. റാവല്‍പിണ്ടിയില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച പ്രതിരോധമന്ത്രി സിവിലിയന്‍ മേഖലകളെ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യയുടെ സൈനിക ശക്തിയുടെ ക്ഷമത ലോകം കണ്ടുവെന്നും പറഞ്ഞു.
അതേസമയം, ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന. വ്യോമസേനയ്ക്കായി നല്‍കിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയെന്നും കൂടുതല്‍ വിശദീകരണം യഥാസമയം നടത്തുമെന്നും വ്യോമസേന വ്യക്തമാക്കി. അവാസ്തവമായ പ്രചരണങ്ങളില്‍ നിന്നും ഊഹാപോഹങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും വ്യോമസേന പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
'ഓപറേഷന്‍ സിന്ദൂറില്‍ നല്‍കിയ ഉത്തരവാദിത്തങ്ങള്‍ തികഞ്ഞ പ്രഫഷനലിസത്തോടും കൃത്യതയോടും കൂടെ വ്യോമസേന വിജയകരമായി നിറവേറ്റി. കര്‍ത്തവ്യം നിറവേറ്റിയത് പൂര്‍ണമായും രാജ്യത്തിന്‍റെ മൂല്യങ്ങള്‍ മുറുകെ പിടിച്ചും കൃത്യമായ അവധാനതയോടെയും വിവേചന പൂര്‍വുമായാണ് കര്‍ത്തവ്യം നിറവേറ്റിയത്. ഓപറേഷന്‍ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ വിശദീകരണം നല്‍കുമെന്നും മറിച്ചുള്ള ഊഹാപോഹങ്ങളില്‍ നിന്നും അവാസ്തവമായ വിവരങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും അഭ്യര്‍ഥിക്കുന്നു'- എന്നാണ് വ്യോമസേനയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം.
ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയശേഷവും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടര്‍ന്നിരുന്ന ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിലവില്‍ സ്ഥിതി ശാന്തം. കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തികളിലെ ജനജീവിതം സാധാരണനിലയിലായി. പഞ്ചാബിലെ അമൃത്സറില്‍ മാത്രം രാവിലെയും നിയന്ത്രണം തുടര്‍ന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. കശ്മീരിലെ ഷോപ്പിയാനിലും കുല്‍ഗാമിലും ഭീകരബന്ധമുള്ള കേസില്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നുണ്ട്.