പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം ജനറൽ ഉപേന്ദ്ര ദിവേദിയും നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയും പുറത്തേക്ക് വരുന്നു. (പി.ടി.ഐ ഫോട്ടോ/രവി ചൗധരി)
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ നാവികസേന പൂർണ്ണമായും സജ്ജമാണെന്നും ശത്രുവിന് കൃത്യമായ സന്ദേശം നൽകിയിട്ടുണ്ടെന്നും വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് അറിയിച്ചു. കറാച്ചി ആക്രമിക്കാൻ നാവികസേന തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാവികസേനയുടെ ശക്തമായ സാന്നിധ്യം പാക്കിസ്ഥാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തലിനുള്ള അഭ്യർത്ഥന ആദ്യം മുന്നോട്ട് വെച്ചത് പാക്കിസ്ഥാനാണ്. എന്നാൽ, രാത്രിയിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ കടന്നുകയറാൻ അനുവദിക്കില്ലെന്നും നാളെ പാക് ഡിജിഎംഒയുമായി ചർച്ച നടത്തുമെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ 35നും 40നും ഇടയിൽ പാക് സൈനികർ കൊല്ലപ്പെട്ടതായി ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് അറിയിച്ചു. ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ വീഴ്ത്തി. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാന്റെ ചക്ലോല, റഫീഖ്, റഹിം യാർ ഖാൻ എന്നീ വ്യോമതാവളങ്ങളും സർഗോധ, ഭുലാരി, ജേക്കബാബാദ് സൈനിക താവളങ്ങളും ഇന്ത്യൻ സൈന്യം ആക്രമിച്ചു.
ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡിജിഎംഒ വ്യക്തമാക്കി. ഇന്ത്യന്‍ ഭീഷണി മൂലം ചില ഭീകരകേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സാധാരണ ജനങ്ങൾക്ക് യാതൊരു അപായവും ഉണ്ടാകാതെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തിരിച്ചടി നിയന്ത്രിതവും കൃത്യതയുള്ളതുമായിരുന്നുവെന്നും ഡിജിഎംഒ വ്യക്തമാക്കി.
മുരിദ്കെയിലെ ലഷ്കർ ഇ ത്വയ്ബയുടെ കേന്ദ്രം അജ്മൽ കസബിനെ പരിശീലിപ്പിച്ച സ്ഥലമാണ്. ഒൻപതിലധികം ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സൈന്യം സ്ഥിരീകരിച്ചു. കൊടുംഭീകരനായ അബ്ദുൾ റൗഫ് ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു.
സൈന്യം ഭീകരകേന്ദ്രങ്ങൾ തകർത്തതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ഓപ്പറേഷൻ സിന്ദൂറിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ സൈന്യം മാധ്യമങ്ങൾക്ക് നൽകി. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് തിരിച്ചടി നടത്തിയതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാൻ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. എട്ടാം തീയതി രാത്രി പോരാട്ടത്തിന് തയ്യാറാണെന്ന സന്ദേശം പാക്കിസ്ഥാൻ നൽകി. ഇതിനെ തുടർന്ന് ഇന്ത്യ തിരിച്ചടി ശക്തമാക്കുകയും പാക്കിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ തകർക്കുകയും ചെയ്തു. ഡ്രോൺ ആക്രമണം നടക്കുമ്പോൾ പാക്കിസ്ഥാൻ യാത്രാവിമാനങ്ങൾ പറത്തിയെന്നും ഇന്ത്യൻ വ്യോമത്താവളങ്ങൾക്ക് നേരെയുള്ള ആക്രമണം ചെറുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിലെ ഏത് മേഖലയിലും തിരിച്ചടിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. എട്ടാം തീയതിയിലെ പാക് വ്യോമകേന്ദ്രങ്ങളിലെ തിരിച്ചടി ഇതിന് തെളിവാണ്. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരിക്കാനുള്ള തിരിച്ചറിവ് പാക്കിസ്ഥാൻ കാണിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.